എസ്‌ഐ ദീപക് ശ്രീജിത്തിനെ പലവണ ചവിട്ടിയെന്ന് സഹോദരന്‍ സജിത്ത്

Sreejith-

വരാപ്പുഴ: പൊലീസ് കസ്റ്റഡിയില്‍ മരിച്ച ശ്രീജിത്തിന്റെ സഹോദരന്‍ എസ്‌ഐ ദീപകിനെതിരെ രംഗത്ത്. വരാപ്പുഴ സ്റ്റേഷനില്‍ വച്ച് എസ്ഐ ക്രൂരമായി മര്‍ദ്ദിച്ചിരുന്നെന്നും തറയില്‍ വീണു പോയ ശ്രീജിത്തിനെ എഴുന്നേല്‍പ്പിക്കാന്‍ പലതവണ ചവിട്ടിയിരുന്നെന്നും സഹോദരന്‍ സജിത്ത് പറഞ്ഞു.

വരാപ്പുഴയില്‍ വീടാക്രമിച്ച കേസില്‍ ജയിലിലായിരുന്ന സജിത്തടക്കമുള്ളവര്‍ ജാമ്യത്തില്‍ ഇന്ന് പുറത്തിറങ്ങി. ശ്രീജിത്തിനൊപ്പം പിടികൂടിയവരാണ് ജാമ്യത്തില്‍ പുറത്തിറങ്ങിയത്. ശ്രീജിത്തിന്റെ സഹോദരന്‍ സജിത്തിനെ കുടാതെ നിതിന്‍, ഗോപന്‍, വിനു എന്നിവരടക്കം 9 പേരാണ് ആലുവ സബ്ജയിലില്‍ നിന്ന് പുറത്തിറങ്ങിയത് .

ശനിയാഴ്ച എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതി ഇവര്‍ക്ക് ജാമ്യമനുവദിച്ചെങ്കിലും ഇപ്പോഴാണ് ജാമ്യവ്യവസ്ഥകള്‍ പാലിച്ച് നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കിയത്. ഇവരില്‍ എട്ടുപേരും പ്രതികളല്ലെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രാഥമിക നിഗമനം. അതിനാലാണ് ജാമ്യത്തെ എതിര്‍ക്കാതിരുന്നതെന്നാണ് സൂചന.

Top