ശബരിമലയുമായി ബന്ധപ്പെട്ടതല്ല വനിതാ മതില്‍ ; തുഷാര്‍ പങ്കെടുത്താല്‍ പ്രശ്‌നമില്ലെന്ന് ശ്രീധരന്‍പിള്ള

തിരുവനന്തപുരം: വനിതാ മതിലില്‍ തുഷാര്‍ വെള്ളാപ്പള്ളിയും ബിഡിജഐസും പങ്കെടുത്താലും പ്രശ്‌നമില്ലെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റും എന്‍ഡിഎ കണ്‍വീനറുമായ പി.എസ്. ശ്രീധരന്‍പിള്ള.

ബിഡിജഐസ് എന്‍ഡിഎ മുന്നണിയുടെ ഭാഗമാണെങ്കിലും വനിതാ മതിലില്‍ പങ്കെടുക്കുന്ന കാര്യത്തില്‍ അവര്‍ക്ക് സ്വതന്ത്ര തീരുമാനമെടുക്കാം. ശബരിമലയുമായി ബന്ധപ്പെട്ടതല്ല വനിതാ മതിലെന്ന് സംഘാടകര്‍ വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

അയ്യപ്പ ജ്യോതി സംഘടിപ്പിച്ചത് ശബരിമല കര്‍മ സമിതിയാണ്. അതിനാല്‍ ബിഡിജഐസ് പങ്കെടുക്കാത്തതില്‍ പ്രശ്‌നമില്ല. എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞതിന് മറുപടി പറയാനും അദ്ദേഹത്തെക്കുറിച്ച് മോശമായി പറയാനും ആഗ്രഹിക്കുന്നില്ലെന്നും ശ്രീധരന്‍പിള്ള വ്യക്തമാക്കി.

ഇതിനിടെ തന്നെയും മകനെയും തമ്മിലകറ്റാന്‍ ബിജെപി ശ്രമിക്കുന്നതായി വെള്ളാപ്പള്ളിയും ആരോപിച്ചിരുന്നു. അതേസമയം ശ്രീധരന്‍പിള്ളയുടെ പ്രസ്താവനയില്‍ ബിജെപിക്കുള്ളില്‍ അതൃപ്തി നിലനില്‍ക്കെ തുഷാറിനെതിരെ ബിഡിജെഎസ് വൈസ് പ്രസിഡന്റ് അക്കീരമണ്‍ കാളിദാസ ഭട്ടതിരിപ്പാട് രംഗത്തെത്തിയിരുന്നു.

Top