കോടിയേരിയുടെ പ്രതികരണം സിപിഎമ്മിന്റെ ആത്മവിശ്വാസക്കുറവാണ് കാണിക്കുന്നതെന്ന് ശ്രീധരന്‍ പിള്ള

കോഴിക്കോട്: ഉപതിരഞ്ഞെടുപ്പ് പാലായില്‍ മാത്രമായി നടത്തുന്നതിനെതിരായ കോടിയേരി ബാലകൃഷ്ണന്റെ പ്രതികരണം സിപിഎമ്മിന്റെ ആത്മവിശ്വാസക്കുറവാണ് കാണിക്കുന്നതെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍ പിള്ള . പാലാ ഉപതിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥിയെ മല്‍സരിപ്പിക്കണമെന്ന് കോട്ടയം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടിട്ടുണ്ടെന്നും പി.എസ്.ശ്രീധരന്‍ പിള്ള പറഞ്ഞു. ഇതിനായി 2 ദിവസത്തിനകം എന്‍ഡിഎ യോഗം ചേരും.

പാലായില്‍ മാത്രമായി ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത് ദുരുദ്ദേശപരമാണെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞത്. തിരഞ്ഞെടുപ്പുകമ്മിഷന്‍ നടപടിക്കു പിന്നില്‍ ദുഷ്ടലക്ഷ്യങ്ങളുണ്ടെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

ആറ് നിയമസഭാ സീറ്റുകളാണ് ഒഴിഞ്ഞുകിടക്കുന്നത്. പാലായ്ക്കു മുന്‍പ് ഒഴിവുവന്നതാണ് മഞ്ചേശ്വരം സീറ്റ്. സാധാരണരീതിയില്‍ ഒരുമിച്ചു തിരഞ്ഞെടുപ്പു നടത്തുന്നതാണ് പതിവ്. രാഷ്ട്രീയ കുതന്ത്രങ്ങള്‍ തുടര്‍ച്ചയായി തിരഞ്ഞെടുപ്പു കമ്മിഷന്റെ ഭാഗത്തുനിന്നു വരുന്നുണ്ടെന്നും അദ്ദേഹം വിമര്‍ശിച്ചിരുന്നു.

Top