കേരളത്തിന് കേന്ദ്രസര്‍ക്കാര്‍ 15,000 കോടി രൂപയുടെ സഹായം നല്‍കിയിട്ടുണ്ടെന്ന് പി.എസ്.ശ്രീധരന്‍പിള്ള

കാസര്‍ഗോഡ്: പ്രളയക്കെടുതിയെ തുടര്‍ന്ന് കേരളത്തിന് കേന്ദ്രസര്‍ക്കാര്‍ 15,000 കോടി രൂപയുടെ സഹായം നല്‍കിയിട്ടുണ്ടെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ പി.എസ്.ശ്രീധരന്‍പിള്ള. എന്നിട്ടും കേരളം കേന്ദ്രത്തോട് നീതി കാണിക്കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

15,000 കോടി രൂപയുടെ ധനസഹായം നല്‍കിയിട്ടും സോഷ്യല്‍ മീഡിയയിലടക്കം കേന്ദ്രത്തിനും ബിജെപിക്കുമെതിരെ വ്യാപക പ്രചരണമാണ് നടക്കുന്നത്. പ്രളയ ദുരിതം ആരംഭിച്ച് രണ്ടാം ദിനം തന്നെ കേന്ദ്ര ആഭ്യന്തര മന്ത്രി കേരളത്തിലെത്തി സ്ഥിതിഗതികള്‍ വിലയിരുത്തിയിരുന്നു. കേരളത്തിലെത്തിയ പ്രധാനമന്ത്രിയും പ്രതികൂല കാലാവസ്ഥയെപ്പോലും അവഗണിച്ച് ദുരിതക്കെടുതിയനുഭവിക്കുന്നവരെ ആശ്വസിപ്പിക്കാന്‍ സമയം കണ്ടെത്തി. എന്നാല്‍, മലയാളിയല്ലാത്ത ഏതെങ്കിലും ഒരു കോണ്‍ഗ്രസ് ദേശീയ നേതാവ് ഇവിടേക്കെത്തിയോ എന്നും ശ്രീധരന്‍ പിള്ള ചോദിച്ചു.

പ്രളയദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലെ ബിജെപി പ്രവര്‍ത്തകരുടെ പങ്കാളിത്തം പാടെ അവഗണിക്കപ്പെട്ടെന്നും ശ്രീധരന്‍പിള്ള പരാതിപ്പെട്ടു.

ബിജെപി നടത്തിയ ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ ജനങ്ങളിലെത്തിയില്ല. ഇക്കാര്യത്തില്‍ പക്ഷപാതിത്വം കാണിച്ച മാധ്യമങ്ങള്‍ ബിജെപി പ്രവര്‍ത്തകരുടെ പ്രവര്‍ത്തനങ്ങള്‍ കണ്ടില്ലെന്ന് നടിച്ചു. കേരളത്തിലെ മാധ്യമങ്ങള്‍ അമേരിക്കയിലേതു പോലെയാകരുതെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു. പ്രധാനമന്ത്രിയുടേയും രാഹുല്‍ ഗാന്ധിയുടേയും സന്ദര്‍ശനം വാര്‍ത്തയാക്കിയതിലും മാധ്യമങ്ങളുടെ പക്ഷപാതിത്വം കാണിച്ചുവെന്നും ശ്രീധരന്‍പിള്ള പറഞ്ഞു.

പ്രധാനമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കുമില്ലാത്ത എന്ത് തിരക്കാണ് എഐസിസി നേതാക്കള്‍ക്ക് എന്നായിരുന്നു ശ്രീധരന്‍ പിള്ളയുടെ വിമര്‍ശനം. അടിക്കടി വാര്‍ത്താ സമ്മേളനം നടത്തല്‍ മാത്രമാണ് കോണ്‍ഗ്രസിന്റെ ദുരിതാശ്വാസ പ്രവര്‍ത്തനം. അത് തങ്ങളുടെ രീതിയല്ല. സേവാഭാരതിയും ബിജെപിയും യുവമോര്‍ച്ചയും സേവനപ്രവര്‍ത്തനങ്ങളിലൂടെ ചരിത്രത്താളുകളില്‍ ഇടംപിടിച്ചിട്ടുണ്ടെന്നും പത്രവാര്‍ത്തകളില്‍ നിറയുന്നതിലും മഹത്തരമാണ് അതെന്നും അദ്ദേഹം വ്യക്തമാക്കി.

Top