സമരത്തിനിടയില്‍ നുഴഞ്ഞു കയറിയവരാണ് അക്രമം നടത്തിയതെന്ന് ശ്രീധരന്‍ പിള്ള

Sreedharan Pilla

പത്തനംതിട്ട: ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ പമ്പയിലും നിലയ്ക്കലിലും ബിജെപിയോ സംഘപരിവാര്‍ പ്രസ്ഥാനങ്ങളോ അക്രമം നടത്തിയിട്ടില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍പിള്ള. സമരത്തിനിടയില്‍ നുഴഞ്ഞുകയറിയവരാണ് അക്രമത്തിന് പിന്നിലെന്ന് ശ്രീധരന്‍ പിള്ള പറഞ്ഞു. മാധ്യമങ്ങളെ ആക്രമിക്കുന്നത് ശരിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നേരത്തെ, ശബരിമലയിലെ സ്ത്രീപ്രവേശനം സംബന്ധിച്ച റിപ്പോര്‍ട്ടിംഗിനായി എത്തിയ വനിതാ റിപ്പോര്‍ട്ടര്‍ക്കും സംഘത്തിനും നേരെ ശബരിമല സംരക്ഷണ സമിതി പ്രവര്‍ത്തകര്‍ അസഭ്യവര്‍ഷം നടത്തുകയും കൈയേറ്റം ചെയ്യുകയും ചെയ്തിരുന്നു. അമേരിക്കയിലെ പത്രമായ ന്യൂയോര്‍ക്ക് ടൈംസിന്റെ ഡല്‍ഹി ബ്യൂറോ റിപ്പോര്‍ട്ടര്‍ സുഹാസിനി രാജാണ് ശബരിമലയില്‍ എത്തിയത്.

അന്‍പതോളം വരുന്ന പൊലീസുകാരുടെ സംരക്ഷണത്തിലാണ് സുഹാസിനിയും സംഘവും രാവിലെ എട്ട് മണിയോടെ പമ്പയില്‍ നിന്ന് കാനനപാതയിലൂടെ സന്നിധാനത്തേക്ക് പോയത്. മരക്കൂട്ടത്ത് വച്ച് ശരണം വിളിച്ചെത്തിയ പ്രതിഷേധക്കാര്‍ സുഹാസിനിയെ വളയുകയും തിരിച്ചു പോകണമെന്ന് അവര്‍ ആവശ്യപ്പെടുകയും ചെയ്തു. പിന്നാലെ മോശം ഭാഷ ഉപയോഗിച്ച് സുഹാസിനിയെ അധിക്ഷേപിക്കുകയും ചെയ്തു. ഇതിനിടെ പ്രതിഷേധക്കാരില്‍ ചിലര്‍ സുഹാസിനിയെ കൈയേറ്റം ചെയ്യാനും ശ്രമിച്ചു. അധിക്ഷേപവും അസഭ്യവര്‍ഷവും തുടര്‍ന്നതോടെ സുഹാസിനി തിരിച്ചു പോകാന്‍ തീരുമാനിക്കുകയായിരുന്നു.

ഇവരെ പമ്പ പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി. തന്നെ ഒരു കൂട്ടം അക്രമികള്‍ കൈയേറ്റം ചെയ്തുവെന്ന് സുഹാസിനി പൊലീസില്‍ പരാതി നല്‍കി. ഇവരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പമ്പ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

Top