ചൈതന്യമുള്ളൊരു നേതാവിനെ താറടിച്ച് കാണിക്കാന്‍ ശ്രമിക്കുന്നു; കെ.സുരേന്ദ്രനെ പിന്തുണച്ച് ശ്രീധരന്‍ പിള്ള

കൊച്ചി: കെ.സുരേന്ദ്രനെതിരേ നടക്കുന്നത് ചൈതന്യമുള്ളൊരു നേതാവിനെ താറടിച്ച് കാണിക്കാനുള്ള ശ്രമമാണെന്ന് ബി.ജെ.പി.സംസ്ഥാന അധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍ പിള്ള. സോഷ്യല്‍മീഡിയയിലൂടെയുള്ള ഇത്തരം പ്രചരണങ്ങളെ ബി.ജെ.പി നേതാക്കള്‍ നേരിടുമെന്നും എല്‍.ഡി.എഫിന്റേയും യു ഡി എഫിന്റേയും അവിശുദ്ധ കൂട്ടുകെട്ടാണ് ഇന്ന് കേരളം നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നമെന്നും ശ്രീധരന്‍പിള്ള വ്യക്തമാക്കി.

തിരുവനന്തപുരം കോര്‍പറേഷനില്‍ 100 സീറ്റാണ് ഉള്ളത്. കഴിഞ്ഞ നാല് കൊല്ലങ്ങളായി 44 കൗണ്‍സിലര്‍മാരുള്ള എല്‍ ഡി എഫിന് എങ്ങനെ വോട്ടെടുപ്പില്‍ വിജയിക്കാനും ബജറ്റ് പാസാക്കാനും സാധിക്കുന്നു. അവിടെ എങ്ങനെ എല്‍.ഡി.എഫ്. ഭരണം തുടരുന്നുവെന്ന് യു.ഡി.എഫ്. ജനങ്ങളോട് വിശദീകരിക്കണം.

മഞ്ചേശ്വരത്തെ രണ്ട് പഞ്ചായത്തുകളിലും എല്‍.ഡി.എഫും യു.ഡി.എഫും പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം പങ്കിട്ടെടുക്കുകയാണ് ചെയ്യുന്നത്. ഈ അവിശുദ്ധ കൂട്ടുകെട്ടാണ് ഇന്ന് കേരളം നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നം.കടുത്ത പോരാട്ടം നടക്കുന്ന മഞ്ചേശ്വരം,വട്ടിയൂര്‍ക്കാവ് മണ്ഡലങ്ങളിലെ ഇരുപാര്‍ട്ടികളുടെയും അവിശുദ്ധ കൂട്ടുകെട്ടിന്റെ വ്യക്തമായ ഉദാഹരണമാണ് ഇത്. ഇതിലൂടെ എല്‍.ഡി.എഫിനും യു.ഡി.എഫിനും ജനങ്ങള്‍ മറുപടി നല്‍കണമെന്നും അദ്ദേഹം പറഞ്ഞു.

ബി.ജെ.പിക്കെതിരേ നടത്തിയിരുന്ന കുപ്രചരണങ്ങളുടെ മറുപടിയെന്നോണമാണ് ഇപ്പോള്‍ മറ്റ് സാമുദായിക സംഘടനകളുടെ പിന്തുണ ബി.ജെ.പിക്ക് ലഭിക്കുന്നത്. ബി.ജെ.പി.യെ ഇനിയും തൊട്ടുകൂടാത്തവരായി മാറ്റിനിര്‍ത്താന്‍ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

Top