നടി ശ്രീദേവിയുടെ മരണം; സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീംകോടതി തള്ളി

sreedevii

ന്യൂഡല്‍ഹി: നടി ശ്രീദേവിയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടു കൊണ്ടുള്ള ഹര്‍ജി സുപ്രീംകോടതി തള്ളി. അന്വേഷണം ആവശ്യപ്പെട്ട് ലഖ്‌നൗ സ്വദേശിയായ അഭിഭാഷകന്‍ സുനില്‍ സിംഗ് നല്‍കിയ ഹര്‍ജിയാണ് തള്ളിയത്. അന്വേഷണ കാര്യത്തില്‍ തങ്ങള്‍ക്കിടപെടാനാവില്ലെന്ന് വ്യക്തമാക്കിയാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ഹര്‍ജി തള്ളിയത്.

അതേസമയം, ഒമാനില്‍ ശ്രീദേവിയുടെ പേരില്‍ ജീവന്‍ പരിരക്ഷ പോളിസി ഉണ്ടായിരുന്നുവെന്നും ഇത് അവര്‍ യുണൈറ്റഡ് അറബ് എമിറേറ്റ്‌സില്‍ വച്ച് മരിക്കുകയാണെങ്കില്‍ മാത്രമേ ലഭിക്കുകയുള്ളൂവെന്നും അഭിഭാഷകന്‍ പരാതിയില്‍ പറഞ്ഞിരുന്നു.

എന്നാല്‍ മരണത്തില്‍ അന്വേഷണത്തിന്റെ ആവശ്യമില്ലെന്ന് വ്യക്തമാക്കിയ കോടതി ഹര്‍ജി തള്ളുകയായിരുന്നു. കേസ് ഇതിനകം അവസാനിച്ചു കഴിഞ്ഞുവെന്നും കോടതി വ്യക്തമാക്കി.

ഫെബ്രുവരി 24ന് ബാത്ത്‌റൂമിലെ ബാത്ത് ടബില്‍ മുങ്ങി മരിച്ച നിലയിലാണ് ശ്രീദേവിയെ കണ്ടെത്തിയത്. ദുബായ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഗള്‍ഫ് ന്യൂസ് വാര്‍ത്താപ്രകാരം ബാത്ത് ടബില്‍ മുങ്ങിമരിച്ച സമയത്ത് ശ്രീദേവിയുടെ ശരീരത്തില്‍ ആല്‍ക്കഹോള്‍ ഉണ്ടായിരുന്നു.

Top