കേരളത്തില്‍ നടക്കുന്നത് സ്റ്റാലിനിസ്റ്റ് ഭരണം ;പി.എസ്.സിയില്‍ സിപിഎം ഫ്രാക്ഷനെന്നും…

sreedharanpilla

തിരുവനന്തപുരം: സ്റ്റാലിനിസ്റ്റ് ഭരണമാണ് കേരളത്തില്‍ നടക്കുന്നതെന്നും ഭരണഘടനാ സ്ഥാപനമായ പി.എസ്.സിയില്‍ സിപിഎം ഫ്രാക്ഷനെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍ പിള്ള.

കേരളത്തില്‍ പാര്‍ട്ടിയാണ് പരമാധികാരി എന്ന ശൈലിയിലാണ് കാര്യങ്ങള്‍ പോകുന്നത്. അതിനാല്‍ പാര്‍ട്ടിയുമായി ബന്ധപ്പെടാത്തവര്‍ക്ക് നീതി ലഭിക്കില്ല. പി.എസ്.സി മെമ്പര്‍മാരില്‍ സിപിഎമ്മിന്റെയും സിപിഐയുടെയും പ്രതിനിധികളാകുമ്പോള്‍ നിഷ്പക്ഷമായി അവിടെനിന്ന് തീരുമാനം എങ്ങനെ ഒരാള്‍ക്ക് ലഭിക്കുമെന്നും അദ്ദേഹം ചോദിച്ചു.

യൂണിവേഴ്സിറ്റിയുടെ പേരില്‍ ഇടിമുറി ഉണ്ടാക്കാന്‍ എവിടെയാണ് പ്രൊവിഷന്‍. അതിന് ഇവര്‍ക്കാരാണ് മുറി കൊടുത്തത്. വിദ്യാര്‍ഥി രാഷ്ട്രീയത്തിന് സംവിധാനം ഒരുക്കി കൊടുക്കരുതെന്ന് ഹൈക്കോടതി ഉത്തരവുള്ളതാണ്. മാധ്യമപ്രവര്‍ത്തകരുടെയും ബുദ്ധിജീവികളുടെയും ആസ്ഥാനമാണ് തിരുവനന്തപുരം. ചരിത്രമുറങ്ങുന്ന മണ്ണാണിത്. ആ നാടിന്റെ സ്ഥിതിയാണിതെന്നും അദ്ദേഹം പറഞ്ഞു.

പണ്ട് ചാപ്പകുത്തിയ നിഷാദിന്റെ കേസ് എന്തായി. ഇതെല്ലാം ഒന്നോരണ്ടോ ദിവസം മാധ്യമങ്ങളില്‍ വാര്‍ത്തകളായി വരും. രണ്ടുദിവസം കഴിയുമ്പോള്‍ വേറൊരു വാര്‍ത്ത വരുമ്പോള്‍ ഇത് പോകും. സിപിഎമ്മും അതിന്റെ അണികളും ആത്മപരിശോധന നടത്തണം. അല്ലെങ്കില്‍ ജനങ്ങള്‍ക്ക് ഭാരമായ ഭരണം അവര്‍ വലിച്ചറിഞ്ഞ് താഴെയിടും- ശ്രീധരന്‍ പിള്ള പറഞ്ഞു.

Top