യോഗ ദൃശ്യത്തില്‍നിന്ന് ദ്രഷ്ടാവിലേക്കുള്ള യാത്രയാണെന്ന് ശ്രീ ശ്രീ രവിശങ്കര്‍

Ravi Shankar

മനുഷ്യാരാശിയുടെ ഏറ്റവും വലിയ സമ്പത്തായ യോഗ കൃത്യമായ ശ്വാസോച്ഛ്വാസ ക്രമീകരണത്തിലൂടെയും ആസനങ്ങളിലൂടെയും ശരീരത്തിനെയും മനസ്സിനെയും ശുദ്ധീകരിക്കുന്ന വ്യായാമമുറകൂടിയാണെന്ന് ശ്രീശ്രീരവിശങ്കര്‍.

‘സ്ഥിരം,സുഖം, ആസനം’ എന്ന് യോഗാസനങ്ങളെ നിര്‍വ്വചിക്കാറുണ്ട്. സ്ഥിരവും സുഖകരവുമായ ശരീര വിന്യാസമാണ് യോഗ. സുഖം എന്ന പദം കൊണ്ട് ഇവിടെ വിവക്ഷിക്കുന്നത് ശരീരം ഉണ്ടെന്നറിയാത്ത അവസ്ഥയെയാണ്. ശരിയായ രീതിയില്‍ ഇരിക്കാത്ത സമയങ്ങളില്‍, ശരീരം വേദനിക്കുമ്പോള്‍ നമ്മുടെ ശ്രദ്ധ വേദനയിലേക്ക് തിരിയുകയാണ് ചെയ്യുക.

യോഗാസനങ്ങളിലൂടെ ശരീര ഭാഗങ്ങളിലേക്ക് ശ്രദ്ധ കൊണ്ടുവരുമ്പോള്‍ നിമിഷങ്ങള്‍ക്കകം എല്ലാ അസ്വാസ്ഥ്യവും അപ്രത്യക്ഷമാകുകയും, ശരീരം ഉണ്ട് എന്ന തോന്നല്‍ ഇല്ലാതാവുകയും ചെയ്യുന്നു. അനന്തതയിലേക്കുള്ള വികസനമാണ് യോഗയിലൂടെ അനുഭവപ്പെടുക. എന്നാല്‍ ആയാസമില്ലാതെ വേണം യോഗ ചെയ്യാന്‍. അപ്പോള്‍ മാത്രമേ ഈ വികാസം അനുഭവിക്കാന്‍ കഴിയൂ ശരീരഘടന മെച്ചപ്പെടുത്താനല്ല യോഗ ചെയ്യുന്നത്. നമ്മുടെ എല്ലാവരിലുമുള്ള അനന്തത അനുഭവിക്കാന്‍ കൂടിയാണിതെന്നും അദ്ദേഹം വിശദീകരിച്ചു.

Ravi Shankar

നമ്മെ ദൃശ്യത്തില്‍ നിന്ന് ദ്രഷ്ടാവിലേക്കെത്തിക്കുന്നതാണ് യോഗ എന്നത് മറ്റൊരു നിര്‍വ്വചനം. ജീവിതത്തില്‍, ആനന്ദം, നിര്‍വൃതി, സന്തോഷം എന്നിവ അനുഭവിക്കുമ്പോള്‍ നമ്മള്‍ ദൃശ്യത്തില്‍നിന്ന് ദ്രഷ്ടാവിലേക്കെത്തുകയാണ്. ആ സമയത്ത് മാത്രം മനസ്സ് കലപില കൂട്ടുന്നില്ല. അത് നിശ്ചലമാണ്. മറ്റ് സമയങ്ങളിലെല്ലാം മനസ്സ് പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. യോഗശാസ്ത്രത്തിന്റെ ആധികാരിക ഗ്രന്ഥമായ ‘പതഞ്ജലി യോഗസസൂത്ര’ത്തിന്റെ കര്‍ത്താവായ പതഞ്ജലി മഹര്‍ഷി പറയുന്ന മനസ്സിന്റെ അഞ്ച് വൃത്തികളെപ്പറ്റി ശ്രീശ്രീ ഉദ്ധരിക്കുന്നു .

പ്രമാണം – എന്തിനും തെളിവ് ആവശ്യപ്പെടല്‍. വിപര്യയം തെറ്റായ ധാരണ , വികല്പം യാഥാര്‍ഥ്യവുമായി ബന്ധമില്ലാത്ത ഒരു സാങ്കല്‍പ്പിക മനോഭാവം. നിദ്ര, സ്മൃതി, ഓര്‍മ്മ. മേല്‍പ്പറഞ്ഞ അഞ്ചു മനോവൃത്തികള്‍ അഥവാ മനസ്സിന്റെ പ്രവര്‍ത്തനങ്ങള്‍ മനുഷ്യനിലുള്ള കഴിവുകളെ വലിച്ചെടുക്കുന്നു. മനോവൃത്തികളെ നിയന്ത്രിക്കലാണ് യോഗയിലൂടെ സാധ്യമാകുന്നത്. ഈ വൃത്തികള്‍ കുതിരകളെപ്പോലെയാണ്. കടിഞ്ഞാണ്‍ നിങ്ങളുടെ കയ്യിലാണെങ്കില്‍ കുതിരയെ നയിക്കാന്‍ നിങ്ങള്‍ക്ക് കഴിയും. എന്നാല്‍ കടിഞ്ഞാണ്‍ നിങ്ങളുടെ കയ്യിലില്ലെങ്കില്‍ കുതിര നിങ്ങളെ എവിടെയെങ്കിലുമൊക്കെ കൊണ്ടുപോകും. അതുകൊണ്ട് പതഞ്ജലി മഹര്‍ഷി പറയുന്നു ‘യോഗ ചിത്തവൃത്തി നിരോധ’ എന്ന്. ചിത്തവൃത്തികളെ നിരോധിക്കലാണ് യോഗ.

മനുഷ്യന്‍ ജന്മനാ യോഗികളാണ്. മൂന്നുവയസ്സുവരെയുള്ള കാലഘട്ടത്തിനകത്ത് യോഗയിലെ ആസന മുറകളും കുട്ടികള്‍ ചെയ്തിട്ടുണ്ടാവും. ജന്മനാ യോഗികളായ മനുഷ്യര്‍ ശൈശവത്തിലെ നിഷ്‌കളങ്കത കാത്തുസക്ഷിച്ചിരുന്നുവെങ്കില്‍ യോഗയുടെ ആവശ്യമേ ഉണ്ടാവുകയില്ലായിരുന്നു. എന്നാല്‍ നിഷ്‌കളങ്കതയില്‍ നിന്നും, സന്തുലിതാവസ്ഥയില്‍നിന്നും വളരെ അകന്നുനില്‍ക്കുന്ന മുതിര്‍ന്നവര്‍ക്ക് സഹജമായ നിഷ്‌കളങ്കതയിലേക്ക് തിരിച്ചുവരാന്‍ യോഗ ആവശ്യമായി വരുന്നു.

Ravi Shankar

‘ദുഃഖം വരുന്നതിനു മുമ്പുതന്നെ അത് തടയുന്നതാണ് യോഗ.’ എന്നും പതഞ്ജലി പ്രസ്ഥാവിക്കുന്നുണ്ട്. ദുഖത്തിന്റെ മൂലകാരണങ്ങളെ ഒഴിവാക്കി ദുഃഖം തടയുകയാണ് യോഗ ചെയ്യുന്നത്. സന്തോഷമുള്ളപ്പോള്‍ ഉള്ളില്‍ എന്തോ വികസിക്കുന്നുണ്ടെന്നും, ദുഖമുള്ളപ്പോള്‍ ഉള്ളില്‍ എന്തോ ചുരുങ്ങുന്നുണ്ടെന്നും നമുക്ക് തോന്നാറുണ്ട്. വികസിക്കുകയും ചുരുങ്ങുകയും ചെയ്യുന്ന ആ പ്രതിഭാസത്തിലേക്കാണ് യോഗ ശ്രദ്ധ കൊടുക്കുന്നത്. പലപ്പോഴും നിഷേധവികാരങ്ങളെ എങ്ങനെ കൈകാര്യം ചെയ്യണമെന്നറിയാതെ നിസ്സഹായരാകുന്ന നമ്മുടെ മാനസികാവസ്ഥയെ പൂര്‍ണ്ണമായി മാറ്റാന്‍ യോഗയ്ക്ക് സാധിക്കുന്നു. നിങ്ങള്‍ കൂടുതല്‍ സ്വതന്ത്രരും ശാന്തരും ആവുകയും ചെയ്യുന്നു.

യോഗ നിങ്ങളെ കൂടുതല്‍ ഉത്തരവാദിത്വമുള്ളവരാക്കാന്‍ സഹായിക്കും. ജീവിതത്തില്‍ പല ഉത്തരവാദിത്വങ്ങള്‍ നമുക്കുണ്ട്. യോഗിയുടെ മനോഭാവത്തോടെയും അല്ലാതെയും ആ ഉത്തരവാദിത്വങ്ങള്‍ അഭിനയിക്കാന്‍ കഴിയും. നിങ്ങള്‍ക്ക് ഉത്തരവാദിത്വമുള്ള ടീച്ചറോ, ഡോക്ടറോ, ബിസിനസ്സുകാരനോ ആകാം അതിനു വേണ്ടത് യോഗിയുടെ സ്വഭാവങ്ങളായ കരുതല്‍ പങ്കിടല്‍, ഉത്തരവാദിത്വം, ഏറ്റെടുക്കല്‍ എന്നിവയാണ്. ഈ സ്വഭാവങ്ങളെല്ലാംതന്നെ നമ്മുടെതന്നെ ഉള്ളിലുണ്ട്.

Ravi Shankar

എന്നാല്‍ അവയെ പരിപോഷിപ്പിക്കണം. അതിലൂടെ തീര്‍ച്ചയായും നിങ്ങള്‍ കൂടുതല്‍ ഉത്തരവാദിത്വമുള്ള ആളാകും. ക്ഷീണവും, പിരിമുറുക്കവും ഭയവും ഉള്ള സമയങ്ങളില്‍ ആരും ഉത്തരവാദിത്വമെടുക്കാന്‍ തയ്യാറാവുകയില്ല. യോഗ നിങ്ങളുടെ പിരിമുറുക്കം മാറ്റുകയും, നിങ്ങളില്‍ ഊര്‍ജ്ജവും ഉത്സാഹവും നിറക്കുകയും ചെയ്യുന്നു. അതുവഴി കൂടുതല്‍ ലാഘവത്തോടെ ഉത്തരവാദിത്വമേറ്റെടുക്കാന്‍ കഴിയും.

യോഗയ്ക്ക് എട്ട് അംഗങ്ങളാണ് ഉള്ളത്. ഈ അംഗങ്ങളില്‍ അഥവാ ഘടകങ്ങളില്‍ ഒന്നാണ് നമ്മള്‍ യോഗ ക്ലാസ്സുകളില്‍ ചെയ്യുന്ന യോഗാഭ്യാസമുറകള്‍. എന്നാല്‍ യോഗയുടെ അടിസ്ഥാനതത്വം എങ്ങനെ സമചിത്തത ഉണ്ടാക്കാം എന്നതാണ്. ‘സമത്വം യോഗ ഉച്യതേ’ യോഗ മനസ്സിന് സന്തുലനം കൊണ്ടുവരുന്നു. സന്തുലിതമായ മനസ്സോടെ എന്ത് പ്രവര്‍ത്തി ചെയ്യുമ്പോഴും, എന്ത് പറയുമ്പോഴും നിങ്ങള്‍ക്ക് അവബോധമുണ്ട്. ആ അവബോധം നിങ്ങളെ യോഗിയാക്കുന്നു. സമുദ്രംപോലെ വിശാലമാണ് യോഗ, ഉദാത്തമായ പ്രപഞ്ചസത്യം മനസ്സിലാക്കാന്‍ യോഗാഭ്യാസം സഹായിക്കുന്നു.

വസുധൈവകുടുംബകം എന്ന പരമ ലക്ഷ്യത്തിലേക്കുള്ള പ്രയാണമാണ് അനന്തതയുമായുള്ള ലയനമാണ് യോഗ. യോഗ ചുറ്റുപാടുകളില്‍ ശാന്തി പ്രദാനം ചെയ്യുന്നതായും ആന്താരാഷട്ര യോഗാദിനത്തോടനുബന്ധിച്ച് നടന്ന ചടങ്ങില്‍ ശ്രീശ്രീ രവിശങ്കര്‍ വ്യക്തമാക്കി.

Top