ലോകത്തിലെ ആദ്യത്തെ പൈലറ്റ് രാവണന്‍; തെളിയിക്കുമെന്ന് ശ്രീലങ്ക

ശ്രീലങ്ക: രാവണനാണ് ലോകത്തിലെ ആദ്യത്തെ വൈമാനികനെന്ന് ശ്രീലങ്കന്‍ സര്‍ക്കാര്‍. രാമായണത്തിലെ രാവണനെന്ന കഥാപാത്രത്തെക്കുറിച്ചാണ് ഈ പറയുന്നത്. ഇത് പുരാണ കഥയല്ലെന്നും യാഥാര്‍ത്ഥ്യമാണെന്നുമാണ് വ്യോമയാന അതോറിറ്റി വൈസ് ചെയര്‍മാന്‍ ശശി ദനതുംഗെ പറയുന്നത്.

5000 വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്ന രാവണന്റെ പറക്കലിനെക്കുറിച്ചും ആ പറക്കല്‍ രീതിയെക്കുറിച്ചും പഠനം നടത്താനാണ് സിവില്‍ വ്യോമയാന അതോറിറ്റിയുടെ തീരുമാനം. വിമാനം പറത്തിയ ആദ്യത്തെ വൈമാനികന്‍ രാവണനാണെന്നും ഇത് തെളിയിക്കാനുള്ള രേഖകളും തെളിവുകളുമുണ്ടെന്നും അതോറ്റിയുടെ വൈസ് ചെയര്‍മാന്‍ ശശി ദനതുംഗെ പറഞ്ഞു. ഇതിനെക്കുറിച്ച് വിശദമായ ഗവേഷണം ആവശ്യമാണെന്നും അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ഇക്കാര്യം തെളിയിച്ചിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ശ്രീലങ്കയിലെ ഏറ്റവും വലിയ വിമാനത്താവളമായ ബന്ദാരനായകെ വിമാനത്താവളം സ്ഥിതി ചെയ്യുന്ന കാട്ടുണായകയില്‍ സിവില്‍ വ്യോമയാന വിദഗ്ധരും, ചരിത്രകാരന്മാരും, പുരാവസ്തുഗവേഷകരും, ശാസ്ത്രജ്ഞരും, ജിയോളജിസ്റ്റുകളും പങ്കെടുത്ത യോഗമാണ് ഇത്തരമൊരു നിരീക്ഷണം നടത്തിയത്. യോഗത്തില്‍ പങ്കെടുത്തവര്‍ രാവണന്‍ ഇന്ത്യയിലേക്ക് പറന്നെന്നും തിരിച്ചെത്തിയെന്നുമുള്ള നിഗമനത്തിലെത്തില്‍ എത്തുകയും ചെയ്തു.

അടുത്തിടെയാണ് ശ്രീലങ്ക രാവണ എന്ന പേരില്‍ ഉപഗ്രഹം വിക്ഷേപിച്ചത്.

Top