ഇനി എവിടെയും സ്ഥാപിക്കാവുന്ന കോവിഡ് ആശുപത്രി സൗകര്യമൊരുക്കി ശ്രീചിത്രയും സ്റ്റാര്‍ട്ടപ്പ് മോഡുലസ് ഹൗസിങ്ങും

തിരുവനന്തപുരം: എവിടെയും സ്ഥാപിക്കാവുന്ന കോവിഡ് ആശുപത്രി സൗകര്യമൊരുക്കി ശ്രീചിത്രയും ഐഐടി മദ്രാസിനു കീഴിലെ സ്റ്റാര്‍ട്ടപ്പ് മോഡുലസ് ഹൗസിങ്ങും. മെഡിക്യാബ് എന്നാണ് ആശുപത്രി സംവിധാനത്തിന് നല്‍കിയിരിക്കുന്ന പേര്. രോഗബാധിതരെ കണ്ടെത്തി പരിശോധിച്ച് സമ്പര്‍ക്കവിലക്കില്‍ പാര്‍പ്പിച്ച് ചികിത്സിക്കുന്നതിന് എവിടെയും അനായാസം സ്ഥാപിക്കാന്‍ കഴിയുന്ന ആശുപത്രികള്‍ സഹായിക്കുമെന്നു ശ്രീചിത്ര അധികൃതര്‍ വ്യക്തമാക്കി.

രോഗികള്‍ കൂടുന്നതിന് അനുസരിച്ച് നിലവിലെ ആശുപത്രി സംവിധാനങ്ങള്‍ നേരിടുന്ന സമ്മര്‍ദം ലഘൂകരിക്കാനും കഴിയും. ദീര്‍ഘകാലം ഈടുനില്‍ക്കുന്ന മെഡിക്യാബ് ആവശ്യകതയ്ക്ക് അനുസരിച്ച് രൂപപ്പെടുത്താം. ഡോക്ടറുടെ മുറി, രോഗികളെ സമ്പര്‍ക്കവിലക്കില്‍ പാര്‍പ്പിക്കുന്നതിനുള്ള ഐസലേഷന്‍ മുറി, വാര്‍ഡ്, രണ്ടു കിടക്കകളോട് കൂടിയ ഐസിയു എന്നിവയാണ് മെഡിക്യാബിലുള്ളത്. നാലുപേര്‍ ചേര്‍ന്ന് രണ്ടു മണിക്കൂറിനുള്ളില്‍ എവിടെയും ഇതു സ്ഥാപിക്കാനാകും.

പൊടിയും മറ്റും കടക്കാത്ത വിധത്തിലാണ് രൂപകല്‍പ്പനയും നിര്‍മാണവും. വൈദ്യുത സംവിധാനങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. മോശം കാലാവസ്ഥയെയും അതിജീവിക്കാന്‍ കഴിയും. പ്രത്യേക സാങ്കേതികവിദ്യ ഉപയോഗിച്ചു നിര്‍മിച്ചിരിക്കുന്നതിനാല്‍ ഇതിനെ യഥാാര്‍ഥ വലുപ്പത്തിന്റെ അഞ്ചിലൊന്നായി ചുരുക്കാം.

അനായാസം സൂക്ഷിക്കാനും ഒരിടത്തു നിന്നു മറ്റൊരിടത്തേക്കു കൊണ്ടുപോകാനും ഈ സവിശേഷത മെഡിക്യാബിനെ സഹായിക്കുന്നു. 200, 400, 800 ചതുരശ്ര അടി വലുപ്പങ്ങളില്‍ മെഡിക്യാബ് ലഭ്യമാണ്. സ്ഥലസൗകര്യം, ആവശ്യകത എന്നിവ ആനുസരിച്ച് അശുപത്രികളുടെ പാര്‍ക്കിങ് ഏരിയ, ടെറസ് മുതലായ സ്ഥലങ്ങളില്‍ ഇത് സ്ഥാപിക്കാം.

Top