ശ്വസന സഹായം; ശ്രീചിത്രയുടെ എയര്‍ബ്രിഡ്ജ് ഇന്ന് പുറത്തിറക്കും

തിരുവനന്തപുരം: ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സസ് ആന്‍ഡ് ടെക്‌നോളജി വികസിപ്പിച്ച ‘വിപ്രോ ചിത്ര എമര്‍ജന്‍സി ബ്രീത്തിങ് അസിസ്റ്റ് സിസ്റ്റം-എയര്‍ബ്രിഡ്ജ്’ ഇന്ന് പുറത്തിറക്കും.

ശ്രീചിത്ര ബയോടെക്‌നോളജി വിഭാഗം ഡിവിഷന്‍ ഓഫ് ആര്‍ട്ടിഫിഷ്യല്‍ ഓര്‍ഗന്‍സിലെ എന്‍ജിനീയര്‍മാരായ ശരത്, വിനോദ്, നാഗേഷ്, അനസ്‌തേഷ്യ വിഭാഗത്തിലെ ഡോക്ടര്‍മാരായ പ്രൊഫ. തോമസ് കോശി, പ്രൊഫ. മണികണ്ഠന്‍ എന്നിവരടങ്ങിയ സംഘമാണ് ഈ ഉപകരണം വികസിപ്പിച്ചത്.

എയര്‍ബ്രിഡ്ജ് വെന്റിലേറ്ററിനു പകരമല്ല. പക്ഷേ, വെന്റിലേറ്റര്‍ ലഭ്യമാകുന്നതുവരെയോ ഏതാനും മണിക്കൂറുകള്‍ മുതല്‍ ദിവസങ്ങള്‍ വരെയോ പകരം സംവിധാനമായി പ്രവര്‍ത്തിപ്പിക്കാം. തദ്ദേശീയവസ്തുക്കള്‍ മാത്രമാണ് ഇവ നിര്‍മ്മിക്കാനായി ഉപയോഗിച്ചിട്ടുള്ളത്.

ഇതിലെ ബാഗ് വാല്‍വ് മാസ്‌ക് (ബി.വി.എം.) നിശ്ചിത ഇടവേളകളില്‍ സ്വയം പ്രവര്‍ത്തിച്ച് വായു അകത്തേക്ക് വലിക്കുകയും പുറത്തേക്കുവിടുകയും ചെയ്യും. അളവുനിയന്ത്രിച്ച് രോഗിയുടെ ശരീരത്തില്‍ ഓക്‌സിജന്‍ എത്തിക്കാനും പോസിറ്റീവ് പ്രഷര്‍ നല്‍കാനും ഇതുപകരിക്കും.

ഒരു സ്ഥലത്തുനിന്ന് മറ്റൊരിടത്തേക്ക് അനായാസം മാറ്റാം. ബാറ്ററിയിലാണ് പ്രവര്‍ത്തനം. പ്രത്യേക പരിശീലനമില്ലാതെ, നഴ്‌സുമാര്‍ക്കും മറ്റ് ആരോഗ്യപ്രവര്‍ത്തകര്‍ക്കും പ്രവര്‍ത്തിപ്പിക്കാം. ആംബുലന്‍സുകള്‍, വാര്‍ഡുകള്‍, അത്യാഹിത വിഭാഗം എന്നിവിടങ്ങളില്‍ കോവിഡ് ബാധിതര്‍ക്കും മറ്റു രോഗികള്‍ക്കും എയര്‍ബ്രിഡ്ജ് ഉപയോഗിക്കാം. ഓക്‌സിജന്‍ പ്ലാന്റുകള്‍ ഇല്ലാത്ത ചെറിയ ആശുപത്രികളിലും ഓക്‌സിജന്‍ സിലിന്‍ഡറിന്റെ സഹായത്തോടെ അത്യാവശ്യഘട്ടങ്ങളില്‍ ഇത് പ്രയോജനപ്പെടുത്താനാകും.

Top