ശ്രീലങ്കയ്‌ക്കെതിരായ പരമ്പരയ്ക്കുള്ള ടീമിനെ പ്രഖ്യാപിച്ചു; സഞ്ജു വീണ്ടും ഇന്ത്യന്‍ ടീമില്‍

മുംബൈ: ശ്രീലങ്കന്‍ പരമ്പരയിലെ ടി ട്വന്റി ടീമില്‍ ഇടംപിടിച്ച് സഞ്ജു സാംസണ്‍. പരിക്കില്‍ നിന്ന് മുക്തനായതിനെ തുടര്‍ന്നാണ് സഞ്ജുവിന് ഇന്ത്യന്‍ ടീമിലേക്കുള്ള അവസരം ലഭിച്ചത്.

നിലവില്‍ നാഷണല്‍ ക്രിക്കറ്റ് അക്കാഡമിയില്‍ ചികിത്സയിലാണ് സഞ്ജു. ഐ പി എല്‍ ടീമായ രാജസ്ഥാന്‍ റോയല്‍സിന്റെ ക്യാപ്ടന്‍ കൂടിയായ സഞ്ജുവിനെ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്ക്കുള്ള ടീമിലേക്കും പരിഗണിച്ചിരുന്നുവെന്നാണ് അറിയുന്നത്. എന്നാല്‍ പരിക്കിനെ തുടര്‍ന്ന് ഒഴിവാക്കുകയായിരുന്നു. കേരളത്തിന്റെ രഞ്ജി ടീമിലേക്കും സഞ്ജുവിനെ ഉള്‍പ്പെടുത്തിയിരുന്നില്ല.

സഞ്ജുവിനെ കൂടാതെ പരിക്കില്‍ നിന്ന് മുക്തനായ രവീന്ദ്ര ജഡേജയും ടീമിലേക്ക് മടങ്ങിയെത്തിയിട്ടുണ്ട്. ജഡേജയും പരിക്കിനെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. വെസ്റ്റ് ഇന്‍ഡീസ് പരമ്പരയില്‍ വിശ്രമം അനുവദിച്ചിരുന്ന വൈസ് ക്യാപ്ടന്‍ ജസ്പ്രീത് ബുമ്രയും ടീമിലേക്ക് മടങ്ങിയെത്തിയിട്ടുണ്ട്. ഭുവനേശ്വര്‍ കുമാര്‍, ദീപക് ചഹാര്‍, മുഹമ്മദ് സിറാജ് എന്നിവരാണ് മറ്റ് പേസ് ബൗളര്‍മാര്‍. ഇവരെ കൂടാതെ പുതുമുഖ താരം ആവേശ് ഖാനും ടീമില്‍ ഇടംപിടിച്ചിട്ടുണ്ട്.

അതേസമയം പേസ് ബൗളര്‍ ശാര്‍ദൂല്‍ താക്കൂറിന് വിശ്രമം അനുവദിച്ചിട്ടുണ്ട്. വിരാട് കോഹ്ലി, റിഷഭ് പന്ത് എന്നിവര്‍ക്കും വിശ്രമം അനുവദിച്ചിട്ടുണ്ട്. ഇരുവരും ഇന്ത്യന്‍ ടീമിന്റെ ബയോ ബബിളില്‍ നിന്ന് പുറത്തിറങ്ങിയിട്ടുണ്ട്.

Top