ഒളിക്യാമറ വിവാദം; എം കെ രാഘവനെതിരെ പൊലീസ് കേസെടുത്തു

കോഴിക്കോട്: കോഴിക്കോട് യുഡിഎഫ് സ്ഥാനാര്‍ത്ഥി എം കെ രാഘവനെതിരായ ഒളിക്യാമറ വിവാദത്തില്‍ പൊലീസ് കേസെടുത്തു. ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്റെ നിര്‍ദ്ദേശപ്രകാരമാണ് നടപടി. ഒളിക്യാമറ വിവാദം വിശദമായി അന്വേഷിക്കണമെങ്കില്‍ കേസ് രജിസ്റ്റര്‍ ചെയ്യണമെന്നായിരുന്നു പോലീസ് റിപ്പോര്‍ട്ട്. സംഭവത്തില്‍ തുടര്‍ നടപടികളിലാണ് ഡിജിപി ലോക്‌നാഥ് ബഹ്‌റ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്റെ നിലപാട് തേടിയത്.

ഒളിക്യാമറ ഓപ്പറേഷന്‍ റിപ്പോര്‍ട്ട് ചെയ്ത ചാനലില്‍ നിന്നും പിടിച്ചെടുത്ത മുഴുവന്‍ ദൃശ്യങ്ങളും പരിശോധിച്ചുവെന്നാണ് പൊലീസ് പറയുന്നത്. ഫോറന്‍സിക് പരിശോധന ഉള്‍പ്പെടെ നടത്തണമെങ്കില്‍ കേസെടുത്ത് അന്വേഷണം നടത്തണമെന്ന് ഐജിയും റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

മുമ്പ് സംഭവത്തില്‍ മൊഴി നല്‍കണമെന്നാവശ്യപ്പെട്ട് രാഘവന് രണ്ട് തവണ അന്വേഷണ ഉദ്യോഗസ്ഥര്‍ നോട്ടീസ് അയച്ചിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പ് തിരക്കുകളുണ്ടെന്ന് കാണിച്ച് മൊഴി നല്‍കാതെ വിട്ടു നിന്ന രാഘവന്‍ ഒടുവില്‍ നേരിട്ട് ഹാജരായി വിശദീകരണം നല്‍കിയിരുന്നു. ഇത് കൂടാതെ എം കെ രാഘവന്റെ പണമിടപാടുകളെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സിപിഐഎം തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കുകയും ചെയ്തു. രാഘവനെതിരെ വിവാദം ശക്തമായ സാഹചര്യത്തിലായിരുന്നു അന്വേഷണം പ്രഖ്യാപിച്ചത്.

തിരഞ്ഞെടുപ്പ് ചെലവിലേക്ക് അഞ്ചു കോടി ആവശ്യപ്പെടുന്ന ദൃശ്യമാണ് ഹിന്ദി ചാനല്‍ പുറത്തുവിട്ടത്. നഗരത്തില്‍ ഹോട്ടല്‍ സമുച്ചയം പണിയാന്‍ 15 ഏക്കര്‍ ഭൂമി വാങ്ങാനെന്ന വ്യാജേനയാണു ഹിന്ദി ചാനല്‍ പ്രതിനിധികള്‍ എം.കെ. രാഘവനെ കണ്ടത്. ഇടപാടിനു മധ്യസ്ഥം വഹിച്ചാല്‍ അഞ്ചുകോടി രൂപ നല്‍കാമെന്നും വാഗ്ദാനം നല്‍കി. പണം ഡല്‍ഹിയിലെ പ്രൈവറ്റ് സെക്രട്ടറിയെ ഏല്‍പിക്കാന്‍ രാഘവന്‍ നിര്‍ദേശിച്ചുവെന്നുമാണു ചാനലിന്റെ അവകാശവാദം. എന്നാല്‍ രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമായി കെട്ടിചമച്ചതാണു ദൃശ്യങ്ങളെന്ന് എം.കെ. രാഘവന്‍ ആരോപിച്ചു.

Top