ഒമൈക്രോണ്‍ തടയാന്‍ വാക്‌സിന്‍ ഞങ്ങളുടെ പക്കലുണ്ട്; അവകാശവാദവുമായി റഷ്യ

ന്യൂഡല്‍ഹി: ലോകം ഭീതിയോടെ നോക്കിക്കാണുന്ന കൊവിഡിന്റെ ഏറ്റവും പുതിയ വകഭേദം ഒമൈക്രോണ്‍ വൈറസിനെ പ്രതിരോധിക്കാന്‍ തങ്ങളുടെ വാക്സിന് സാധിക്കുമെന്ന് റഷ്യന്‍ അധികൃതര്‍. റഷ്യന്‍ ഡയറക്ട് ഇന്‍വെസ്റ്റ്മെന്റ് ഫണ്ട് സിഇഒ കിറില്‍ ദിമിത്രിയേവാണ് ഈ അവകാശവാദമുന്നയിച്ചത്.

റഷ്യ വികസിപ്പിച്ച സ്പുട്നിക്ക് വി, സ്പുട്നിക്ക് ലൈറ്റ് വാക്സിനുകള്‍ വിവിധ കൊവിഡ് വകഭേദങ്ങളെ ഇതുവരെ ഫലപ്രദമായി നേരിട്ടിട്ടുണ്ടെന്ന് കിറില്‍ ദിമിത്രിയേവ് പറഞ്ഞു.

ഡെല്‍റ്റാ വകഭേദത്തിനെതിരെ സ്പുട്നിക് 83 ശതമാനം ഫലപ്രദമാണ്. മാരകമായ കൊവിഡ് രോഗത്തിനെതിരെ 91.6 ശതമാനം ഫലം സ്പുട്‌നിക്കില്‍ നിന്ന് ലഭിക്കുന്നുണ്ടെന്ന് റഷ്യന്‍ ആരോഗ്യമന്ത്രി മിഖായെല്‍ മുരഷ്‌കൊ മുന്‍പ് പറഞ്ഞിരുന്നു. ഒറ്റ ഡോസ് വാക്സിന്‍ തന്നെ ഡെല്‍റ്റാ വകഭേദത്തിനെതിരെ 70 ശതമാനം ഫലപ്രാപ്തി കാണിച്ചതായാണ് വിവരം.

കൊവിഡിന്റെ ഒമൈക്രോണ്‍ വകഭേദത്തെ വാക്സിന്‍ നേരിടുന്നതെങ്ങനെ എന്നത് വ്യക്തമല്ലെങ്കിലും എല്ലാ കൊവിഡ് വകഭേദങ്ങളെയും ഫലപ്രദമായി വാക്സിന്‍ നേരിട്ടതുപോലെ ഒമിക്രോണ്‍ വകഭേദത്തെയും വാക്സിന്‍ പ്രതിരോധിക്കുമെന്നാണ് കിറില്‍ ദിമിത്രിയേവ് പ്രതീക്ഷിക്കുന്നത്.

രണ്ടോ മൂന്നോ ആഴ്ചകള്‍ കൊണ്ട് മാത്രമേ പുതിയ വകഭേദത്തെ കുറിച്ച് പൂര്‍ണമായി മനസിലാക്കാനാവൂ അതിന് ശേഷമേ അവ എത്രത്തോളം ഫലപ്രദമെന്ന് കൃത്യമായി പറയാന്‍ കഴിയൂ. നിലവില്‍ പുതിയ വകഭേദത്തിനെതിരായ വാക്സിന്‍ നിര്‍മ്മാണം തുടങ്ങിയതായാണ് റഷ്യന്‍ അധികൃതര്‍ അറിയിച്ചത്.

സ്പുട്നിക് വാക്സിന്‍ അടിയന്തര ഉപയോഗത്തിന് കേന്ദ്രം അനുമതി നല്‍കിയത് ഏപ്രില്‍ മാസത്തിലാണ്. വൈകാതെ സ്പുട്നിക് ലൈറ്റിനും അനുമതി ലഭിക്കും. പുതിയ വകഭേദത്തിന്റെ വിവരം പുറത്തുവന്നതോടെ അന്താരാഷ്ട്ര വിമാനയാത്രയില്‍ വരുത്തിയ ഇളവുകള്‍ പുനരാലോചിക്കാന്‍ പ്രധാനമന്ത്രി അധികൃതരോട് ആവശ്യപ്പെട്ടിരുന്നു. ഡല്‍റ്റാ വകഭേദത്തെക്കാള്‍ കൂടുതല്‍ മാരകമായ വ്യാപനശേഷിയുളളതാണ് ദക്ഷിണാഫ്രിക്കയില്‍ കണ്ടെത്തിയ ഒമൈക്രോണ്‍ വകഭേദം.

Top