ഉത്തേജക മരുന്ന്: നിര്‍മല ഷിയോറനിന് നാലു വര്‍ഷത്തേയ്ക്ക്‌ വിലക്കേര്‍പ്പെടുത്തി

മൊണാക്കോ: ഉത്തേജക മരുന്ന് ഉപയോഗിച്ചെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഇന്ത്യന്‍ അത് ലറ്റ്‌ നിര്‍മല ഷിയോറനിനെ നാലു വര്‍ഷത്തേക്ക് വിലക്കി. ട്രാക്ക് ആന്റ് ഫീല്‍ഡ് ഉത്തേജക മരുന്ന് കേസുകള്‍ അത് ലറ്റിക് ഇന്റഗ്രിറ്റി യൂനിറ്റ് (എഐയു) ആണ് താരത്തിന് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്.

2018 ജൂണില്‍ നടത്തിയ പരിശോധനയില്‍ നിരോധിത മരുന്നുകളായ ഡ്രോസ്റ്റനോളോന്‍, മെറ്റെനോളോന്‍ എന്നിവയുടെ സാന്നിധ്യം നിര്‍മലയുടെ രക്ത സാമ്പിളുകളില്‍ കണ്ടെത്തിയിരുന്നു. ഇക്കാര്യം അംഗീകരിച്ച നിര്‍മല ഹിയറിങ്ങിന് അഭ്യര്‍ഥിച്ചില്ലെന്നും നടപടി നേരിടാന്‍ തയ്യാറാണെന്ന് അറിയിക്കുകയും ചെയ്തതായി എഐയു വ്യക്തമാക്കി.

2016 ആഗസ്റ്റ് മുതല്‍ 2018 നവംബര്‍ വരെയുള്ള മത്സരങ്ങളില്‍ അയോഗ്യത കല്‍പ്പിക്കുകയും ചെയ്തിട്ടുണ്ട്. ഇതോടെ 2017ല്‍ ഇന്ത്യയില്‍ നടന്ന ഏഷ്യന്‍ അത് ലറ്റിക് ചാംപ്യന്‍ഷിപ്പിലെ 400 മീറ്ററിലും 4*400 റിലേ മത്സരത്തിലും നിര്‍മല നേടിയ രണ്ടു സ്വര്‍ണ മെഡലുകളും തിരികെവാങ്ങും. 2016 ലെ റിയോ ഡി ജനീറോ ഒളിംപിക്സിലെ രണ്ട് ഇനങ്ങളിലെ യോഗ്യതാ മത്സരങ്ങളില്‍ പങ്കെടുത്തെങ്കിലും പുറത്താവുകയായിരുന്നു.

Top