വിരാട് കൊഹ്‌ലിയുടെ വെല്ലുവിളിക്ക് മറുപടിയുമായി സ്പ്രിന്റ് ഇതിഹാസം

ലണ്ടന്‍ : ഇന്ത്യന്‍ ക്രിക്കറ്റ് നായകന്‍ വിരാട് കൊഹ്‌ലിയുടെ വെല്ലുവിളിക്ക് മറുപടിയുമായി സ്പ്രിന്റ് ഇതിഹാസം ഉസൈന്‍ ബോള്‍ട്ട്. സാമൂഹ്യ മാധ്യമങ്ങളിലൂടെ താരങ്ങള്‍ തമ്മില്‍ വെല്ലുവിളിക്കുന്നതും അതിന് മറുപടി പറയുന്നതുമെല്ലാം നിത്യ സംഭവങ്ങളാണ്.

ചിലര്‍ സാമൂഹ്യ മാധ്യമങ്ങള്‍ ഉപയോഗിക്കുന്നത് അഭിനന്ദനങ്ങള്‍ അറിയിക്കാനും മറ്റുമായിരിക്കും. എന്നാല്‍, വെല്ലുവിളിയുമായിട്ടായിരുന്നു ഇന്ത്യന്‍ നായകന്റെ വരവ്. അതും സ്പ്രിന്റ് ഇതിഹാസം ഉസൈന്‍ ബോള്‍ട്ടിനോട്. കളിക്കുമ്പോള്‍ കാലില്‍ ധരിക്കുന്ന സ്‌പൈക്കിന്റെ കാര്യത്തിലായിരുന്നു ട്വിറ്ററിലൂടെ ബോള്‍ട്ടിനോട് കൊഹ്‌ലിയുടെ വെല്ലുവിളി.

പ്യൂമയുടെ സ്‌പൈക്ക് ധരിക്കാന്‍ പോകുന്ന അടുത്ത ഇന്ത്യന്‍ ക്രിക്കറ്റ് താരം ആരായിരിക്കുമെന്ന് ഊഹിച്ച് പറയാനാകുമോ എന്നായിരുന്നു ബോള്‍ട്ടിനോട് കൊഹ്‌ലി ചോദിച്ചത്. കൃത്യമായി പറഞ്ഞാല്‍ തന്റെ ഒരു ജോഡി ക്രിക്കറ്റ് സ്‌പൈക്കുകള്‍ സമ്മാനമായി നല്‍കാമെന്നും കൊഹ്‌ലി പറഞ്ഞു.

എന്നാല്‍ ആ വാര്‍ത്ത താന്‍ നേരത്തെ അറിഞ്ഞുവെന്നും തന്റെ പ്യൂമ റണ്ണിംഗ് സ്‌പൈക്ക്‌സ് അയാള്‍ക്കായി മാറ്റിവെക്കുന്നുവെന്നും ബോള്‍ട്ട് പറഞ്ഞു. അതാരാണെന്ന് എനിക്കറിയാം. അയാള്‍ അതിവേഗക്കാരനാണ്. പക്ഷെ എന്റെ അത്രയും വരില്ല. നമുക്ക് നോക്കാം ആരാണ് ഈ ബെറ്റില്‍ ജയിക്കുകയെന്നായിരുന്നു ബോള്‍ട്ടിന്റെ മറുപടി.

ഇതാദ്യമായല്ല കൊഹ്‌ലിയും ബോള്‍ട്ടും ട്വിറ്ററിലൂടെ ആശയവിനിമയം നടത്തുന്നത്. ട്രാക്കില്‍ നിന്ന് ബോള്‍ട്ട് വിരമിക്കല്‍ പ്രഖ്യാപിച്ചപ്പോള്‍ അദ്ദേഹത്തെ ക്രിക്കറ്റിലേക്ക് ക്ഷണിച്ചുകൊണ്ട് വീഡിയോ ട്വീറ്റ് ചെയ്തിരുന്നു.

Top