സ്പ്രിംഗ്ലര്‍ വിവാദം; പരോക്ഷ വിമര്‍ശനവുമായി സിപിഐ മുഖപത്രം ജനയുഗം

തിരുവനന്തപുരം: വിവാദമായ സ്പ്രിംഗ്ലര്‍ ഇടപാടിനെതിരെ പരോക്ഷവിമര്‍ശനവുമായി സിപിഐ മുഖപത്രം ജനയുഗത്തിന്റെ എഡിറ്റോറിയല്‍. ഡാറ്റ സുരക്ഷ സുപ്രധാനമാണെന്നും മൂലധനശക്തികള്‍ ഇന്ത്യ അടക്കമുള്ള രാജ്യങ്ങളെ ലക്ഷ്യം വയ്ക്കുന്നതായും മുഖപ്രസംഗം ചൂണ്ടിക്കാട്ടുന്നു.

വിവരസ്വകാര്യതയും സുരക്ഷിതത്വവും സജീവ ചര്‍ച്ചാവിഷയമാകുന്ന കേരളത്തില്‍ നമ്മുടെ സ്വാതന്ത്ര്യം, ജനാധിപത്യം, സ്വാശ്രയത്വം, പരമാധികാരം എന്നീ മൂല്യങ്ങള്‍ എങ്ങനെ സംരക്ഷിക്കാനാവുമെന്നത് സജീവ പരിഗണന അര്‍ഹിക്കുന്ന വിഷയമാണെന്ന് എഡിറ്റോറിയലില്‍ പറയുന്നു.

വിവര ലഭ്യതയും അതിന്റെ വിനിയോഗവും ആയിരിക്കും സമ്പത്തിന്റെ നിയന്ത്രണം ആരുടെ പക്കലെന്നു നിര്‍ണയിക്കുക. ഡാറ്റാ ഇക്കോണമിയുടെ ക്ലാസിക് മാതൃകകളാണ് ആമസോണ്‍, ഗൂഗിള്‍, ഫെയ്‌സ്ബുക്ക്‌
തുടങ്ങിയ ആഗോള കമ്പനികള്‍. അവര്‍ സമാഹരിച്ച വിവരങ്ങളുടെ മുകളിലാണ് ആ കമ്പനികള്‍ അവരുടെ വ്യവസായവാണിജ്യ സാമ്രാജ്യങ്ങള്‍ കെട്ടിപ്പടുത്തിരിക്കുന്നതെന്നും ജനയുഗം ചൂണ്ടിക്കാട്ടുന്നു.

വ്യക്തികളെ സംബന്ധിക്കുന്ന വിവരം ബോധപൂര്‍വമോ അല്ലാതെയോ ചോര്‍ത്തപ്പെടുന്നത് അത് സമാഹരിക്കുന്ന ഗവണ്‍മെന്റ് അല്ലെങ്കില്‍ സ്ഥാപനത്തെയും ഏതൊരു വ്യക്തിയെ സംബന്ധിച്ചതാണോ ആ വിവരം അയാളെയും പ്രതികൂലമായി ബാധിച്ചേക്കാം. വിവര സമ്പദ്ഘടനയില്‍ ആധിപത്യം പുലര്‍ത്തുന്ന മൂലധനശക്തികള്‍ പ്രധാനമായും ലക്ഷ്യംവയ്ക്കുന്നത് ഇന്ത്യയടക്കം വികസ്വര, അവികസിത രാഷ്ട്രങ്ങളില്‍ നിന്നുള്ള വിവര സമാഹരണമാണെന്നും മുഖപത്രം പറയുന്നു.

സ്പ്രിംഗ്ലര്‍ വിഷയത്തില്‍ സി.പി.ഐക്ക് കടുത്ത അതൃപ്തിയുണ്ടെങ്കിലും പരസ്യപ്രതികരണത്തിനില്ലെന്ന് നേതാക്കള്‍ ഇന്നലെ വ്യക്തമാക്കിയിരുന്നു. അതിന് പിന്നാലെയാണ് പാര്‍ട്ടി മുഖപത്രം മുഖപ്രസംഗം എഴുതി നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. ഇടതുമുന്നണിയിലെ തന്നെ പ്രധാന ഘടകകക്ഷിയുടെ സര്‍ക്കാരിനെതിരായ നിലപാട് വരും ദിവസങ്ങളില്‍ പുതിയ വിവാദത്തിന് വഴിയൊരുക്കും.

Top