കോവിഡ് 19; സ്പ്രിംക്ലറിനെ ഒഴിവാക്കിയെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍

കൊച്ചി: കോവിഡ് വിവര വിശകലനത്തില്‍ നിന്ന് അമേരിക്കന്‍ കമ്പനിയായ സ്പ്രിംക്ലറിനെ ഒഴിവാക്കിയെന്ന് ഹൈക്കോടതിയില്‍ സര്‍ക്കാര്‍. ഡാറ്റാ ശേഖരണവും വിശകലനവും ഇനി സര്‍ക്കാരിന് കീഴിലുള്ള സി-ഡിറ്റ് നടത്തുമെന്ന് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ സര്‍ക്കാര്‍ വ്യക്തമാക്കി.

സ്പ്രിംക്ലറിന്റെ കയ്യിലുള്ള ഡാറ്റയെല്ലാം സുരക്ഷിതമായി സി-ഡിറ്റിന്റെ സെര്‍വറിലേക്ക് മാറ്റിയിട്ടുണ്ട്. സ്പ്രിംക്ലറിന്റെ കൈവശമുള്ള ഡാറ്റയെല്ലാം നശിപ്പിക്കാന്‍ നിര്‍ദേശം നല്‍കിയെന്നും ഇനി സോഫ്റ്റ് വെയര്‍ അപ്‌ഡേഷനില്‍ മാത്രമാകും സ്പ്രിംക്ലറിന് പങ്കാളിത്തമുണ്ടാവുകയെന്നും ആ സമയത്തും കമ്പനിയ്ക്ക് സി-ഡിറ്റിന്റെ പക്കലുള്ള വിവരങ്ങളൊന്നും കാണാനാവില്ലെന്നും സര്‍ക്കാരിന്റെ സത്യവാങ്മൂലത്തില്‍ പറയുന്നു.

സംസ്ഥാനത്തെ കോവിഡ് രോഗികളുടെ വിവരങ്ങള്‍ ശേഖരണത്തിനും വിശകലനത്തിനും വിദേശ കമ്പനിയായ സപ്രിംക്ലറിന്റെ സേവനം ഉപയോഗിച്ചത് വലിയ വിവാദമായിരുന്നു. തുടര്‍ന്ന് പൗരന്‍മാരുടെ വിവരങ്ങള്‍ വന്‍വിലയ്ക്ക് മറിച്ചുവില്‍ക്കുകയാണ് സര്‍ക്കാര്‍ എന്നത് ഉള്‍പ്പെടെയുള്ള ആരോപണങ്ങളുമായി പ്രതിപക്ഷവും രംഗത്തെത്തിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ സ്പ്രിംക്ലറിനെ ഒഴിവാക്കിയതായി സത്യവാങ്മൂലം സമര്‍പ്പിച്ചിരിക്കുന്നത്.

Top