സ്പ്രിങ്ക്‌ളര്‍ അഴിമതി; സംസ്ഥാനത്ത് ബി ജെ പി – സി പി എം കൂട്ടുകെട്ടെന്ന് ബെന്നി ബെഹനാന്‍

benny-behnan

കൊച്ചി: സ്പ്രിങ്ക്‌ളര്‍ അഴിമതിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയെ രക്ഷിക്കാനാണ് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്റെ ശ്രമമെന്ന് യു ഡി എഫ് കണ്‍വീനര്‍ ബെന്നി ബെഹനാന്‍.

മുഖ്യമന്ത്രി തന്നെ മുഖ്യപ്രതിയായ സംശയിക്കപ്പെടുന്ന വിവാദത്തില്‍ മുഖ്യമന്ത്രിയുടെ കീഴിലുള്ള വിജിലന്‍സ് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട സുരേന്ദ്രന്റെ നടപടി അപഹാസ്യമാണ്. മുഖ്യമന്ത്രിക്കെതിരായ ആരോപണം വിജിലന്‍സ് അന്വേഷിക്കണമെന്ന ആവശ്യം സംശയത്തിനിട നല്‍കുന്നതാണെന്നും സംസ്ഥാനത്തെ ബി ജെ പി – സി പി എം കൂട്ടുകെട്ടിന്റെ പരസ്യ പ്രഖ്യാപനം കൂടിയാണിതെന്നും ബെന്നി ബെഹനാന്‍ കുറ്റപ്പെടുത്തി.

കഴിഞ്ഞ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ കോണ്‍ഗ്രസ് നേടിയ വിജയമാണ് സി പി എമ്മിനെ സഹായിക്കാന്‍ ബി ജെ പിയെ പ്രേരിപ്പിക്കുന്നത്. കേരളത്തില്‍ സി പി എമ്മിന് തുടര്‍ഭരണം ഉണ്ടാക്കുന്നതിനാണ് ബി ജെ പി യുടെ ശ്രമം. ഇതിനായി സി പി എമ്മിനെ സഹായിക്കുന്ന നിലപാടാണ് ബി ജെ പി സ്വീകരിക്കുന്നത്.കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളിലെ വീഴ്ചകളും സ്പ്രിങ്ക്‌ളര്‍ അഴിമതിയും തുറന്ന് കാണിച്ചപ്പോള്‍ പ്രതിപക്ഷത്തെ വിമര്‍ശിക്കാനാണ് സുരേന്ദ്രന്‍ ശ്രമിച്ചത്. ഇത് ബി ജെ പി – സി പി എം കൂട്ടുകെട്ടിന്റെ അന്തര്‍നാടകങ്ങളുടെ പ്രതിഫലനമാണ്.

കെ. സുരേന്ദ്രനെ മഹത്വവല്‍ക്കരിക്കുന്ന നിലപാടാണ് പലപ്പോഴും മുഖ്യമന്ത്രിയും സി പി എമ്മും സ്വീകരിക്കുന്നതെന്നും യു ഡി എഫ് കണ്‍വീനര്‍ കുറ്റപ്പെടുത്തി. ശബരിമല വിഷയത്തിലും സുരേന്ദ്രന് വീരപരിവേഷം നല്‍കാനാണ് സര്‍ക്കാര്‍ ശ്രമിച്ചത്. സമാന കേസുകളിലെല്ലാം സ്റ്റേഷന്‍ ജാമ്യം നല്‍കിയപ്പോള്‍ സുരേന്ദ്രനെ കേരളം മുഴുവന്‍ കൊണ്ടുനടന്ന് വീരപരിവേഷം നല്‍കുകയാണ് സര്‍ക്കാര്‍ ചെയ്തത്. കോവിഡ് മാനദണ്ഡങ്ങള്‍ നിലനില്‍ക്കെ കോഴിക്കോട് നിന്ന് തിരുവനന്തപുരത്തേക്ക് യാത്ര ചെയ്യാന്‍ സുരേന്ദ്രന് എല്ലാ സൗകര്യങ്ങളും ഒരുക്കി കൊടുക്കുകയും അതിനെ ന്യായീകരിക്കുകയുമാണ് പിണറായി ചെയ്തത്.

മാത്രമല്ല ലാവ്ലിന്‍ കേസില്‍ കേന്ദ്ര സര്‍ക്കാരിന്റെ സഹായം തേടുന്നതിനായാണ് പിണറായി വിജയന്‍ ബി ജെ പിയുമായി കൈകോര്‍ക്കുന്നത്. രണ്ടു വര്‍ഷവും നാല് മാസവുമായി പിണറായി കൊടുത്ത ഹര്‍ജി സുപ്രീം കോടതിയുടെ പരിഗണനയിലാണ്. വിചാരണ വേണമോ വേണ്ടയോ എന്ന കാര്യത്തില്‍ തീരുമാനമെടുക്കാന്‍ ഇത്രയും കാലതാമസം നേരിടുന്നത് സംശയാസ്പദമാണ്. വിദേശ കമ്പനിയുമായി കരാറില്‍ ഏര്‍പ്പെടുമ്പോള്‍ കേന്ദ്ര സര്‍ക്കാരിന്റെ അനുമതി വേണമെന്നിരിക്കെ ഇത്തരമൊരു അനുമതി സ്പ്രിങ്ക്‌ളര്‍ ഇടപാടില്‍ തേടിയിട്ടില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ തന്നെ ഹൈക്കോടതിയെ അറിയിച്ചിട്ടും സംസ്ഥാന ബി ജെ പി പ്രസിഡന്റ് പിണറായിക്ക് അനുകൂലമായ നിലപാടാണ് സ്വീകരിക്കുന്നത്. പ്രതിപക്ഷ നേതാവ് സി ബി ഐ അന്വേഷണം ആവശ്യപ്പെട്ടിട്ടും വിജിലന്‍സ് അന്വേഷണം മതിയെന്ന സുരേന്ദ്രന്റെ നിലപാട് ബി ജെ പി – സി പി എം കൂട്ടുകെട്ടിന്റെ പരസ്യ പ്രഖ്യാപനമാണെന്നും ബെന്നി ബെഹനാന്‍ കുറ്റപ്പെടുത്തി.

Top