സ്പ്രിംക്‌ളറുമായി സര്‍ക്കാര്‍ ഉണ്ടാക്കിയ കരാറില്‍ അന്വേഷണം വേണമെന്ന് ഹര്‍ജി

കൊച്ചി: അമേരിക്കന്‍ കമ്പനി സ്പ്രിംക്‌ളറുമായി സംസ്ഥാന സര്‍ക്കാര്‍ ഉണ്ടാക്കിയ കരാറില്‍ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി. കരാറില്‍ കേന്ദ്ര ഏജന്‍സി ഫൊറന്‍സിക് ഓഡിറ്റിംഗ് നടത്തണമെന്നും കരാര്‍ റദ്ദാക്കണമെന്നും ആവശ്യപ്പെട്ടാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്. തിരുവനന്തപുരം സ്വദേശി ബാലു ഗോപാലകൃഷ്ണനാണ് ഹര്‍ജി സമര്‍പ്പിച്ചത്. കൊവിഡ് രോഗികളുടെ വിവര ശേഖരണം അമേരിക്കന്‍ കമ്പനി വഴി നടത്തുന്നതില്‍ ദുരൂഹതയുണ്ടെന്നും വിഷയത്തില്‍ കോടതി അടിയന്തര ഇടപെടല്‍ നടത്തണമെന്നുമാണ് ഹര്‍ജിയിലെ മറ്റൊരു ആവശ്യം.

കൊവിഡ് രോഗവുമായി ബന്ധപ്പെട്ട് ഐസൊലേഷനില്‍ കഴിയുന്നവരുടെ വിശദാംശങ്ങളാണ് കമ്പനിയുടെ സെര്‍വറില്‍ രേഖപ്പെടുത്തുന്നത്. അഞ്ച് ഫോമുകളിലായി ശേഖരിക്കപ്പെടുന്ന വിദേശങ്ങളില്‍ നിന്ന് എത്തിയ ആളുകളുടെ വിവരങ്ങള്‍, ഇന്ത്യയിലെ മറ്റ് സ്ഥലങ്ങളില്‍ നിന്ന് എത്തിയവരുടെ വിവരങ്ങള്‍, രാഗികളുമായി നിരന്തരം ഇടപെടേണ്ടി വരുന്നവരായ ആരോഗ്യമേഖലാ പ്രവര്‍ത്തകരുടെ വിവരങ്ങള്‍, നമ്മുടെ സമൂഹത്തില്‍ വളരെ വേഗം രോഗബാധിതരാകാന്‍ ഇടയുള്ളവരുടെ വിവരങ്ങള്‍ തുടങ്ങിയവയാണ് ഈ സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് വിശകലനം ചെയ്യുന്നത്.

ഈ നാല് വിവരങ്ങളും അതാത് വിഭാഗങ്ങളില്‍ ഉള്‍പ്പടുന്നവര്‍ക്ക് സ്വമേധയായോ കുടുംബാംഗങ്ങളുടെ സഹായത്തോടെയോ നല്‍കാനാകുന്ന വിവരഫോര്‍മാറ്റുകളായാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഓരോ ദിവസവും നിരീക്ഷണത്തിലുള്ളവരെ സന്ദര്‍ശിക്കുന്ന ആരോഗ്യപ്രവര്‍ത്തകര്‍ നിരീക്ഷിക്കപ്പെടുന്നവരുടെ ആരോഗ്യസ്ഥിതി സംബന്ധിച്ച് ചേര്‍ക്കേണ്ട വിവരങ്ങളും ഇതില്‍ ഉള്‍പ്പെടും.

ഡാറ്റാ മോഷണത്തിന് അമേരിക്കയില്‍ കേസുള്ള കമ്പനിയെയാണ് കൊവിഡ് ഡാറ്റാ ശേഖരണത്തിനായി സര്‍ക്കാര്‍ നിയോഗിച്ച സ്പ്രിംക്‌ളര്‍ എന്ന് ഹര്‍ജിയില്‍ ആരോപിക്കുന്നു. കേരളത്തില്‍ സി – ഡിറ്റ് പോലുള്ള സ്ഥാപനങ്ങള്‍ ഉള്ളപ്പോഴാണ് അമേരിക്കന്‍ കമ്പനിയെ ഇതിനായി തെരഞ്ഞെടുത്തത്. കരാറില്‍ അടിമുടി അഴിമതിയുണ്ടെന്നും ഈ സാഹചര്യത്തില്‍ വിവരങ്ങള്‍ രേഖപ്പെടുത്തുന്നത് അടിയന്തരമായി നിര്‍ത്തിവെക്കാന്‍ ഉത്തരവിടണമെന്നും ഹര്‍ജിക്കാരന്‍ ആവശ്യപ്പെടുന്നു. ഹര്‍ജി നാളെ ഹൈക്കോടതി പരിഗണിക്കും.

Top