മടിയില്‍ കനുമള്ളവനേ വഴിയില്‍ പേടിവേണ്ടു; എംഎല്‍എക്ക് മറുപടി നല്‍കി മുഖ്യമന്ത്രി

തിരുവനന്തപുരം: അമേരിക്കന്‍ കമ്പനിയായ സ്പ്രിംക്ലറിന് കൊവിഡ് രോഗികളുടെ വിവരങ്ങള്‍ നല്‍കിയതിന് പിന്നില്‍ മുഖ്യമന്ത്രിയുടെ മകളുടെ ഇടപെടലുണ്ടെന്ന കോണ്‍ഗ്രസ് എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളിയുടെ ആരോപണത്തിന് മറുപടിയുമായി പിണറായി വിജയന്‍. എന്തെങ്കിലും വിളിച്ച് പറഞ്ഞാല്‍ അതിന് മറുപടി പറഞ്ഞ് നടക്കാനല്ല തനിക്ക് സമയം, തെളിവുണ്ടെങ്കില്‍ അത് കൊണ്ടുവരട്ടേയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

എംഎല്‍എയുടെ ആരോപണവുമായി ബന്ധപ്പെട്ട് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഈ കാര്യങ്ങളിലൊന്നും എനിക്ക് യാതൊരു ആശങ്കയുമില്ല. മടിയില്‍ കനമുള്ളവനെ വഴിയില്‍ പേടിക്കേണ്ടു എന്ന് പറയാറുണ്ട്. ആ ഒരു ധൈര്യം തന്നെയാണ് ഇതുവരെ ജീവിതത്തിലുണ്ടായിട്ടുള്ളത്. ഇനിയങ്ങോട്ടും അതുതന്നെയാകും ഉള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു.

മുഖ്യമന്ത്രി വിദേശത്ത് പോയി സ്പ്രിംക്ലര്‍ മുതലാളിയെ കണ്ടു എന്ന പ്രതിപക്ഷ ആരോപണത്തിന് രൂക്ഷമായ രീതിയിലാണ് മുഖ്യമന്ത്രി പ്രതികരിച്ചത്. അത് ആ പറഞ്ഞവരുടെ ശീലം. ഓരോരുത്തര്‍ക്കും അവരുടേതായ ശീലമുണ്ടാകും. അവരവരുടെ ശീലം വച്ച് മറ്റുള്ളവരെ അളക്കരുത്. അവരുടെ ശീലത്തില്‍ വളര്‍ന്നവനല്ല ഇവിടെ ഇരിക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

മുഖ്യമന്ത്രിയുടെ മകള്‍ വീണയ്ക്ക് സ്പ്രിങ്ക്‌ളര്‍ എംഡി രാഗി തോമസുമായി അടുത്ത ബന്ധമുണ്ടെന്നും കഴിഞ്ഞ ഏതാനും നാളുകള്‍ക്കിടയില്‍ രാഗി തോമസിന്റെ അമേരിക്കയിലെ ന്യൂജഴ്‌സിയിലുള്ള വസതിയില്‍ വീണ സന്ദര്‍ശിച്ചത് ആറുതവണയാണെന്നും എംഎല്‍എ പറഞ്ഞിരുന്നു.

Top