Sprinkle water on roads to contain pollution: National Green Tribunal to Delhi govt

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ശക്തമായ പുകമഞ്ഞിന്‌ പരിഹാര മാര്‍ഗമെന്ന നിലയില്‍ ഹെലികോപ്റ്റര്‍ ഉപയോഗിച്ച് വെള്ളം തളിക്കണമെന്ന് ദേശീയ ഹരിത ട്രൈബ്യൂണല്‍.

ഹെലികോപ്റ്ററില്‍ നിന്ന് വെള്ളം മഴ പോലെ തളിക്കണം. പൊടിയും പുകയും ഉയരുന്നതിന് പരിഹാരം കാണാന്‍ വെള്ളം തളിക്കുകയല്ലാതെ വേറെ വഴിയില്ല, പൊടിപടലങ്ങള്‍ അടങ്ങാന്‍ ഇത് ഏറെ സഹായിക്കുമെന്നും ഹരിത ട്രൈബ്യൂണല്‍ അറിയിച്ചു.

പുകമഞ്ഞ് തുടങ്ങി ദിവസങ്ങളായിട്ടം ഡല്‍ഹി സര്‍ക്കാരിന് ഇതിന് കാര്യമായ പരിഹാരമാര്‍ഗം കാണാന്‍ കഴിഞ്ഞിട്ടില്ല.

മറ്റുള്ള സംസ്ഥാനങ്ങളില്‍ കാര്‍ഷിക അവശിഷ്ടങ്ങള്‍ കത്തിക്കുന്നത് കൊണ്ടാണ് പുകമഞ്ഞിന് കാരണമായതെന്നെല്ലാം പറഞ്ഞ് പരസ്പരം കുറ്റപ്പെടുത്താന്‍ ശ്രമിക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്നും ഹരിത ട്രൈബ്യൂണല്‍ ചൂണ്ടിക്കാട്ടി.

കഴിഞ്ഞ ആഴ്ചമുതലായിരുന്നു ഡല്‍ഹിയിലും പരിസര പ്രദേശത്തും ശക്തമായ പുകമഞ്ഞ് രൂപപ്പെട്ടത്. മഴയും കാറ്റുമില്ലാത്തതിനാല്‍ സ്ഥിതി ഗുരുതരമാവുകയും ചെയ്തു.

ജനജീവിതം ദുസഹമായതോടെ സ്‌കൂളുകളടക്കമുള്ള നിരവധി സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചിരുന്നു. പുകമഞ്ഞിന് താല്‍ക്കാലിക പരിഹാരം കാണാനാവുന്നത് വരെ ഡല്‍ഹിയില്‍ ഏഴ് ദിവസത്തേക്ക് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതും ഹരിത ട്രൈബ്യൂണല്‍ നിരോധിച്ചിട്ടുണ്ട്.

Top