ഹാഫിസ് സയീദ് ജിഹാദിന്റെ പേരില്‍ ഭീകരവാദം പടര്‍ത്തുന്നു, ഒടുവില്‍ തള്ളിപ്പറഞ്ഞ് പാക്കിസ്ഥാനും

hafizz

ലാഹോര്‍: മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരന്‍ ഹാഫിസ് സയീദിനെ ഒടുവില്‍ തള്ളിപ്പറഞ്ഞ് പാക്കിസ്ഥാനും. സയീദിനെയും നാല് അനുയായികളെയും വീട്ടുതടങ്കലിലാക്കിയത് ‘ജിഹാദിന്റെ പേരില്‍ ഭീകരവാദം പടര്‍ത്തുന്നതിനാലെന്ന്’ പാക്കിസ്ഥാന്‍ ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. ജുഡീഷ്യല്‍ ബോര്‍ഡിനു മുന്നിലാണ് ആഭ്യന്തര മന്ത്രാലയം നിലപാട് അറിയിച്ചത്.

പാക് സര്‍ക്കാര്‍ നിയമവിരുദ്ധമായി തന്നെ തടഞ്ഞുവച്ചിരിക്കുകയാണെന്ന പരാതിയുമായി ഹാഫിസ് സയീദ് കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍, ആരോപണം തള്ളിയ പാക്ക് ആഭ്യന്തര മന്ത്രാലയം സയീദിനെയും കൂട്ടാളികളെയും തടങ്കലിലാക്കിയത് ഭീകരവാദം പ്രചരിപ്പിച്ചതിനാണെന്ന് വ്യക്തമാക്കി. മൂന്നംഗ ജുഡീഷ്യല്‍ ബോര്‍ഡിനു മുന്നിലാണ് സര്‍ക്കാരിന്റെ വിശദീകരണം. യുഎന്നിന്റെയും മറ്റു രാജ്യാന്തര സംഘടനകളുടെയും സമ്മര്‍ദത്തെ തുടര്‍ന്നാണ് സയീദിനെയും കൂട്ടാളികളെയും വീട്ടുതടങ്കലില്‍ ആക്കിയതെന്നും ആഭ്യന്തരമന്ത്രാലയം കോടതിയെ അറിയിച്ചു.

പാക്കിസ്ഥാന്‍ സുപ്രീം കോടതിയിലെ ജസ്റ്റിസ് ഇജാസ് അഫ്‌സല്‍ ഖാന്‍, ലാഹോര്‍ ഹൈക്കോടതിയിലെ ജസ്റ്റിസ് അയിഷ എ മാലിക്, ബലൂചിസ്ഥാന്‍ ഹൈക്കോടതിയിലെ ജസ്റ്റിസ് ജമാല്‍ ഖാന്‍ മണ്ഡോഖില്‍ എന്നിവരടങ്ങുന്നതാണ് ജുഡീഷ്യല്‍ ബോര്‍ഡ്.

സയീദിനെയും അനുയായികളായ സഫര്‍ ഇക്ബാല്‍, അബ്ദുല്‍ റഹ്മാന്‍ അബിദ്, അബ്ദുല്ല ഉബൈദ്, ഖാസി കാഷിഫ് നിയാസ് എന്നിവരെയും തടഞ്ഞുവച്ചുവെന്നാണ് പരാതി. കേസില്‍ അടുത്ത വാദം തിങ്കളാഴ്ച നടക്കും.

ഹാഫിസ് സയീദിന്റെ വീട്ടുതടങ്കല്‍ കാലാവധി പാക്ക് സര്‍ക്കാര്‍ 90 ദിവസം കൂടി നീട്ടിയിരുന്നു. കഴിഞ്ഞ ജനുവരി 30 നാണ് ലഹോര്‍ പൊലീസ് ചൗബുര്‍ജിയിലെ ജമാഅത്തുദ്ദഅവ ആസ്ഥാനം വളഞ്ഞ് ഹാഫിസ് സയീദ് അടക്കം അഞ്ചുപേരെ വീട്ടുതടങ്കലിലാക്കിയത്.

Top