സമ്പര്‍ക്കത്തിലൂടെയുള്ള രോഗവ്യാപനം കൂടുന്നു; ക്ലസ്റ്ററുകളില്‍ രോഗവ്യാപന പഠനം

തിരുവനന്തപുരം: സംസ്ഥാനത്തു സമ്പര്‍ക്കത്തിലൂടെയുള്ള കോവിഡ് വ്യാപനം രൂക്ഷമായിരിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രോഗവ്യാപനം 60 ശതമാനത്തിനു മുകളിലാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ശനിയാഴ്ച 593 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതില്‍ 364 പേരും സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരാണ്.

ക്ലസ്റ്ററുകളില്‍ രോഗവ്യാപന പഠനം നടത്തിയും കൃത്യമായി പരിശോധന നടത്തിയും വ്യാപനം തടയാനുള്ള ശ്രമം പൊന്നാനി പോലുള്ള സ്ഥലങ്ങളില്‍ വിജയിച്ചു.ലോക്ഡൗണിന് മുന്‍പ് കേരളത്തിന് പുറത്ത് കോവിഡ് വ്യാപനം ശക്തമായിരുന്നില്ല. അതിനാല്‍ കേരളത്തിലേക്ക് വന്നവരില്‍ രോഗവും കുറവായിരുന്നു.

മാത്രമല്ല ബ്രേക്ക് ദ് ചെയിന്‍ ജീവിതശൈലി ജനം കൃത്യമായി പാലിച്ചു. ഇപ്പോള്‍ രോഗികളുടെ എണ്ണം പതിനായിരം കടന്നു. എന്നാല്‍ മരണനിരക്ക് കുത്തനെ ഉയര്‍ന്നിട്ടില്ല. ഉറവിടമറിയാത്ത കേസുകള്‍ കൂടി. നിരവധി ജില്ലകളില്‍ ക്ലസ്റ്ററുകള്‍ രൂപപ്പെട്ടു. ലോകാരോഗ്യ സംഘടന പറയുന്നത് നാല് ഘട്ടങ്ങളിലായാണു രോഗവ്യാപനം നടക്കുക എന്നാണ്.

ഒന്ന് രോഗികളില്ലാത്ത അവസ്ഥ, രണ്ട് പുറത്തുനിന്നും ആളുകള്‍ വന്ന് രോഗം വ്യാപിക്കുന്ന അവസ്ഥ, മൂന്ന് ചില സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് രോഗവ്യാപനം ഉണ്ടാകുന്ന അവസ്ഥ, നാല് വ്യാപകമായി സമൂഹവ്യാപനം ഉണ്ടാകുന്ന അവസ്ഥ. സംസ്ഥാനത്തെ 60 ശതമാനം രോഗികളും രോഗലക്ഷണം ഇല്ലാത്തവരാണ്. വിദേശത്തു നിന്നും ഇതരസംസ്ഥാനത്തു നിന്നും വരുന്നവരില്‍ രോഗികളുടെ എണ്ണം ഇപ്പോള്‍ കുറഞ്ഞുവരുന്നുണ്ട്. തിരുവനന്തപുരത്ത് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുടെ എണ്ണം തുടര്‍ച്ചയായി വര്‍ധിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

Top