കൊവിഡ് സമൂഹ വ്യാപനം; കൊച്ചിയില്‍ പൊലീസിന്റെ വ്യാപക പരിശോധന

കൊച്ചി: കൊച്ചിയില്‍ കൊവിഡ് സമൂഹ വ്യാപനം വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ പൊലീസിന്റെ വ്യാപക പരിശോധന. കലൂരില്‍ അതിഥി തൊഴിലാളികള്‍ കൂട്ടം കൂടിയ സ്ഥലത്ത് ഐസിപി ലാല്‍ജി പരിശോധന നടത്തി. കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിക്കുന്ന വ്യാപാരസ്ഥാപനങ്ങള്‍ക്കെതിരെ നടപടി കര്‍ശനമാക്കി.

സാമൂഹിക അകലം ഉറപ്പാക്കാത്തതിന് കലൂരിലെ ഒരു കട അടപ്പിച്ചു. മാസ്‌ക് കൃത്യമായി ധരിക്കാത്ത മൂന്നു പേരെ കസ്റ്റഡിയില്‍ എടുത്തു. വരാപ്പുഴ മാര്‍ക്കറ്റില്‍ സിഐയുടെ നേതൃത്വത്തില്‍ പൊലീസിന്റെ കര്‍ശന പരിശോധന. കൂടുതല്‍ ആളുകളെ മാര്‍ക്കറ്റിലേക്ക് കടത്തിവിടില്ല. കടവന്ത്രയിലെ മാര്‍ക്കറ്റിലും പൊലീസ് പരിശോധന നടത്തി.

നഗരത്തിന്റെ പല ഭാഗങ്ങളിലും മുന്നറിയിപ്പുകളില്ലാത്ത പരിശോധനയുണ്ടായേക്കുമെന്നാണ് വിവരം. അതേ സമയം കൊച്ചി നഗരത്തില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് ജില്ലാ കളക്ടര്‍ എസ് സുഹാസ് ഇന്നലെ അറിയിച്ചത്. കൊച്ചി നഗരസഭയുടെ എട്ട് ഡിവിഷനുകള്‍ പൂര്‍ണ്ണമായി അടച്ചു. മാര്‍ക്കറ്റ് അടച്ചതിന് പിന്നാലെ ആലുവ നഗരത്തിലും കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി. ജില്ലയില്‍ രോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്നുണ്ടെങ്കിലും സമൂഹവ്യാപനമില്ലെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ നിഗമനം.

Top