റഷ്യയില്‍ സേവനം നിര്‍ത്തിവെച്ച് സ്പോടിഫൈ

റഷ്യയില്‍ സേവനം നിര്‍ത്തിവെച്ച് ഓഡിയോ സ്ട്രീമിങ് സേവനമായ സ്പോടിഫൈ. യുക്രൈനില്‍ റഷ്യ നടത്തുന്ന സൈനിക നീക്കം രണ്ടാം മാസത്തിലേക്ക് കടന്ന പശ്ചാത്തലത്തിലാണ് കമ്പനിയുടെ തീരുമാനം. അതേസമയം സൈനിക നീക്കങ്ങളെക്കുറിച്ച് വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്ക് 15 വര്‍ഷം ജയില്‍ ശിക്ഷ നല്‍കുന്ന നിയമം വന്നതിനെത്തുടര്‍ന്നാണ് സേവനം നിര്‍ത്തിവെക്കാനുള്ള തീരുമാനമെന്ന് കമ്പനി സൂചന നല്‍കുന്നുണ്ട്. ഏതു വാര്‍ത്തകളും വ്യാജമാണെന്ന് ആരോപിക്കാന്‍ ഭരണകൂടത്തിന് അവസരം നല്‍കുന്നതാണ് പുതിയ നിയമം.

വിശ്വസനീയവും സ്വതന്ത്രവുമായ വാര്‍ത്തകളും വിവരങ്ങളും നല്‍കുന്നതിനാണ് തങ്ങള്‍ പ്രാധാന്യം നല്‍കുന്നതെന്നും. റഷ്യയിലെ നിയമം വിവരലഭ്യത നിയന്ത്രിക്കുന്നതും ആവിഷ്‌കാര സ്വാതന്ത്ര്യം തടയുന്നതുമാണെന്നും സ്പോടിഫൈയുടെ ജീവനക്കാരേയും ശ്രോതാക്കളേയും അപകടത്തിലാക്കാനിടയുണ്ടെന്നും ഒരു സ്പോടിഫൈ വക്താവ് പറഞ്ഞു.

റഷ്യയിലെ സാഹചര്യം പരിഗണിച്ചാണ് സേവനം പൂര്‍ണമായും താല്‍കാലികമായി നിര്‍ത്തിവെക്കാന്‍ തീരുമാനിച്ചത്. ഏപ്രില്‍ ആദ്യം മുതല്‍ സേവനം പൂര്‍ണ്ണമായും താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാനാണ് കമ്പനി ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

റഷ്യന്‍ ഭരണകൂട പിന്തുണയുള്ള ആര്‍ടി, സ്പുട്നിക് എന്നീ സ്ഥാപനങ്ങളുടെ ഉള്ളടക്കങ്ങള്‍ സ്പോടിഫൈ നീക്കം ചെയ്തിരുന്നു. കൂടാതെ മാര്‍ച്ചില്‍ തന്നെ റഷ്യയിലെ ഓഫീസ് അടച്ചുപൂട്ടുകയും ചെയ്തു. മാര്‍ച്ചില്‍ തന്നെ സ്പോടിഫൈയുടെ പെയ്ഡ് സബ്സ്‌ക്രിപ്ഷനും നിര്‍ത്തിവെച്ചു. ഇതിന് പുറമെയാണ് സേവനം പൂര്‍ണമായി നിര്‍ത്തിവെക്കാനുള്ള തീരുമാനം.

സമാനമായി, മറ്റ് ചില ടെക്ക് കമ്പനികളും റഷ്യയില്‍ സേവനം നിര്‍ത്തിവെച്ചിരുന്നു. ഇതിന് പുറമെ മെറ്റായുടെ ഫേസ്ബുക്കിനും, ഇന്‍സ്റ്റാഗ്രാമിനുമെതിരെ റഷ്യയും നടപടി സ്വീകരിക്കുകയുണ്ടായി.

Top