സ്പോര്‍ട്ടിയും പ്രോഗ്രസീവും; ഡാറ്റ്സണ്‍ റെഡി ഗോ ഇന്ത്യയില്‍ അവതരിപ്പിച്ചു

കൊച്ചി: സ്പോര്‍ട്ടിയും പ്രോഗ്രസീവുമായ പുതിയ ഡാറ്റ്സണ്‍ റെഡി ഗോ ഇന്ത്യയില്‍ അവതരിപ്പിച്ചു. മുന്നിലെ ഗ്രില്ലിന് വലിപ്പം കൂടിയതിനാല്‍ റെഡിഗോയുടെ ബംബറിന്റെ രൂപവും മാറി. ഒരു ലിറ്റര്‍ മോഡലില്‍ എം.എം.ടി ഗിയര്‍ബോക്‌സും നല്‍കിയിട്ടുണ്ട്.പന്റെബ്ലേഡ് ഡ്യുവല്‍ ടോണ്‍ വീല്‍ കവറുള്ള 14 ഇഞ്ച് വീലുകള്‍, എല്‍.ഇ.ഡി സിഗ്നേച്ചര്‍ ടെയില്‍-ലാമ്പുകള്‍, ഫാബ്രികുള്ള ഡോര്‍ ട്രിം എന്നി സവിശേഷതകള്‍ വാഹനത്തിന്റെ ഭംഗി വധിപ്പിക്കുന്നു.

എല്‍ ആകൃതിയിലെ ഡി.ആര്‍.എല്ലുകള്‍, സില്‍വര്‍ ഡെക്കറേഷനോട് കൂടിയ സ്ലീക്ക് ഹെഡ്‌ലാമ്പുകള്‍, എല്‍.ഇ.ഡി ഫോഗ് ലാമ്പുകള്‍ എന്നിവയാണ് വാഹനത്തിന്റെ മറ്റ് സവിശേഷതകള്‍. 2,83,000 രൂപയാണ് ഷോറൂംവില. ആറ് വേരിയന്റുകളില്‍ വാഹനം ലഭ്യമാണ്.187 എം.എം ഗ്രൗണ്ട് ക്ലിയറന്‍സ് ഈ വിഭാഗത്തിലെ ഉയര്‍ന്നതാണ്. പുറകിലെ യാത്രക്കാര്‍ക്ക് കാല്‍മുട്ടിന് ആയാസരഹിതമായ ‘റിയര്‍ ക്‌നീ റൂം കംഫര്‍ട്ടും’ ഈ ഹാച്ച്ബാക്ക് വാഗ്ദാനം ചെയ്യുന്നു.ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ എന്നിവക്ക് അനുയോജ്യമായ എട്ട് ഇഞ്ച് ടച്ച്സ്‌ക്രീന്‍ അഡ്വാന്‍സ്ഡ് ഇന്‍ഫോടെയ്ന്‍മന്റെ് സംവിധാനം, വോയ്സ് റെക്കഗ്‌നിഷന്‍ പോലുള്ള മികച്ച സവിശേഷതകള്‍ ഉള്‍ക്കൊള്ളുന്നു.

ക്രാഷ്-റെസിസ്റ്റന്റ് ബോഡി സ്ട്രക്ചര്‍ ഉള്‍പ്പെടെ മുന്‍നിര സുരക്ഷ സവിശേഷതകളും കാറില്‍ സജ്ജീകരിച്ചിരിക്കുന്നു. ഇരട്ട എയര്‍ബാഗുകള്‍, ഫ്രണ്ട് ഓഫ്സെറ്റ് ഇംപാക്ട്, സൈഡ് ഇംപാക്ട്, പെഡസ്ട്രിയന്‍ പ്രൊട്ടക്റ്റ് കംപ്ലയിന്റ്, റിട്രാക്റ്റീവ് ഫംഗ്ഷനോടുകൂടിയ റിയര്‍ സീറ്റ് ബെല്‍റ്റ്, പ്രൊജക്ഷന്‍ ഗൈഡുള്ള റിയര്‍ വ്യൂ ക്യാമറ എന്നിവയാണ് മറ്റ് സുരക്ഷാ സവിശേഷതകള്‍. 0.8 ലിറ്റര്‍ എന്‍ജിന്‍ മോഡലില്‍ മാനുവല്‍ ട്രാന്‍സ്മിഷനില്‍ ഡി, എ, ടി, ടി (ഒ) എന്നീ നാല് വേരിയന്റുകളാണുള്ളത്.

1.0 ലിറ്റര്‍ മാനുവല്‍ ട്രാന്‍സ്മിഷനില്‍ രണ്ട് വേരിയന്റുകളുമുണ്ട്. മാനുവല്‍ ട്രാന്‍സ്മിഷന്‍, സ്മാര്‍ട്ട് ഡ്രൈവ് ഓട്ടോ (എ.എം.ടി) ടി (ഒ) എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.രണ്ട് പുതിയ നിറങ്ങള്‍ ഉള്‍പ്പെടെ ആറ് വ്യത്യസ്ത നിറങ്ങളിലാണ് റെഡി-ഗോ എത്തുന്നത്. കിലോമീറ്റര്‍ പരിധിയില്ലാത്ത രണ്ട് വര്‍ഷ സ്റ്റാന്‍ഡേര്‍ഡ് വാറന്റിയും ഡാറ്റ്‌സണ്‍ നല്‍കുന്നു. ഇത് 1850 രൂപക്ക് അഞ്ച് വര്‍ഷം വരെ നീട്ടാം.

വാഹനം വാങ്ങുന്നവര്‍ക്ക് രണ്ട് വര്‍ഷത്തേക്ക് സൗജന്യ റോഡ് സൈഡ് അസിസ്റ്റന്‍സ് സബ്‌സ്‌ക്രിപ്ഷനും ലഭിക്കും.ബി.എസ് 6 നിലവാരത്തിലുള്ള 54 ബി.എച്ച്.പിയും 72 എന്‍.എം ടോര്‍ക്കുമുള്ള 0.8 ലിറ്റര്‍ എന്‍ജിനും 68 ബി.എച്ച്.പിയും 91 എന്‍.എം ടോര്‍ക്കുമുള്ള ഒരു ലിറ്റര്‍ എന്‍ജിനുമാണ് വാഹനത്തിന്റെ ഹൃദയം. 800 സി.സി മോഡലിന് 20.71ഉം 1000 സി.സി മോഡലിന് 21.7 കിലോമീറ്ററുമാണ് കമ്പനി വാഗ്ദനം ചെയ്യുന്ന ഇന്ധനക്ഷമത.

Top