ഇസ്രയേല്‍ ദേശീയ ഫുട്ബോള്‍ ടീമിന്റെ സ്പോണ്‍സര്‍ഷിപ്പ് അവസാനിപ്പിച്ച് സ്പോര്‍ട്സ് വെയര്‍ നിര്‍മാതാക്കളായ പ്യൂമ

ടെല്‍ അവീവ്: ഇസ്രയേല്‍ ദേശീയ ഫുട്ബോള്‍ ടീമിന്റെ സ്പോണ്‍സര്‍ഷിപ്പ് അവസാനിപ്പിച്ച് ജര്‍മനിയുടെ പ്രമുഖ സ്പോര്‍ട്സ് വെയര്‍ നിര്‍മാതാക്കളായ പ്യൂമ. 2024 മുതല്‍ സ്പോണ്‍സര്‍ഷിപ് തുടരേണ്ടതില്ലെന്നാണ് പ്യൂമയുടെ തീരുമാനം. 2022-ലെ അവസാനത്തില്‍ നടത്തിയ ചര്‍ച്ചകളുടെ ഫലമായാണ് കരാര്‍ പുതുക്കേണ്ടതില്ലെന്ന തീരുമാനത്തിലെത്തിയത്.

സാമ്പത്തിക കാരണങ്ങള്‍ ഉയര്‍ത്തിക്കാട്ടിയാണ് പ്യൂമ കരാര്‍ അവസാനിപ്പിക്കുന്നത്. ഇതോടെ ഇസ്രയേല്‍ ടീമിന് നല്‍കുന്ന സ്പോര്‍ട്സ് കിറ്റുകളും മറ്റും നിര്‍ത്തും. സെര്‍ബിയയുടെ ദേശീയ ടീമുമായുള്ള കരാറും പ്യൂമ അവസാനിപ്പിച്ചിട്ടുണ്ട്.

അടുത്തിടെ രൂക്ഷമായ ഇസ്രയേല്‍ – പലസ്തീന്‍ സംഘര്‍ഷത്തെത്തുടര്‍ന്ന് ഇസ്രയേലുമായി കരാറുണ്ടാക്കിയ പ്യൂമയുടെ ഉത്പന്നങ്ങള്‍ ബഹിഷ്‌കരിക്കണമെന്ന് വലിയ പ്രചാരണങ്ങളുണ്ടായിരുന്നു. 2018-ലാണ് ഇസ്രയേലുമായി പ്യൂമ കരാറില്‍ ഏര്‍പ്പെടുന്നത്. എന്നാല്‍ പുതിയ തീരുമാനം ഈ ബഹിഷ്‌കരണാഹ്വാനത്തെയോ ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷത്തെയോ മുന്‍നിര്‍ത്തിയുള്ളതല്ല. 2022-ല്‍ത്തന്നെ കരാര്‍ നീട്ടേണ്ടതില്ലെന്ന തീരുമാനത്തിലെത്തിയിരുന്നതായി പ്യൂമ അധികൃതര്‍ അറിയിച്ചു.

 

Top