സ്‌പോര്‍ട്‌സ്റ്റര്‍ എസ് പ്രീമിയം ക്രൂയിസര്‍ ഇന്ത്യയിലേക്ക്

ഹാര്‍ലി-ഡേവിഡ്‌സണ്‍ സ്പോര്‍ട്സ്റ്റര്‍ എസ് പ്രീമിയം ക്രൂയിസര്‍ ഉടന്‍ ഇന്ത്യയിലേക്ക് എത്തും. അമേരിക്കന്‍ പ്രീമിയം ഇരുചക്ര വാഹന നിര്‍മാതാക്കളില്‍ നിന്നുള്ള ഏറ്റവും സാങ്കേതികവും നൂതനവുമായ പ്രീമിയം ക്രൂയിസറാണ് സ്പോര്‍ട്സ്റ്റര്‍ എസ് എന്നാണ് ഹാര്‍ലിയുടെ അവകാശവാദം. ഇന്ത്യയിലെത്തുമ്പോള്‍ പ്രീമിയം ക്രൂയിസര്‍ ബൈക്കിന്റെ വില ഏകദേശം 15 ലക്ഷം രൂപയോളമായിരിക്കുമെന്നാണ് ആദ്യ റിപ്പോര്‍ട്ടുകള്‍. ഹാര്‍ലി ഡേവിഡ്സണ്‍ പാന്‍ അമേരിക്ക 1250 അഡ്വഞ്ചര്‍ മോഡലിനേക്കാളും വില കുറവാണ് പുതിയ ബൈക്കിനെന്നതും ശ്രദ്ധേയമാണ്.

ചതുരാകൃതിയിലുള്ള എല്‍ഇഡി ഹെഡ്ലാമ്പ്, ടിയര്‍ഡ്രോപ്പ് ഫ്യുവല്‍ ടാങ്ക്, വൈഡ് ഹാന്‍ഡില്‍ബാറുകള്‍, ഫ്‌ലാറ്റ് സീറ്റ്, ബ്രോണ്‍സ് എഞ്ചിന്‍ ഹെഡ്, ബോബ് കട്ട് ഫെന്‍ഡറുകള്‍, ടെയില്‍-പൈപ്പ് അറ്റങ്ങള്‍ എന്നിവയാണ് സ്പോര്‍ട്സ്റ്റര്‍ എസിന്റെ പ്രധാന ഡിസൈന്‍ സവിശേഷതകള്‍. സ്റ്റോണ്‍ വാഷ്ഡ് വൈറ്റ് പേള്‍, മിഡ്നൈറ്റ് ക്രിംസണ്‍, വിവിഡ് ബ്ലാക്ക് എന്നീ മൂന്ന് കളര്‍ ഓപ്ഷനുകളില്‍ പുതിയ ഹാര്‍ലി ഡേവിഡ്സണ്‍ സ്പോര്‍ട്സ്റ്റര്‍ എസ് ക്രൂയിസര്‍ വാഗ്ദാനം ചെയ്തേക്കും. ഹാര്‍ലിയുടെ റെവല്യൂഷന്‍ മാക്സ് പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കി നിര്‍മിച്ചിരിക്കുന്ന സ്‌പോര്‍ട്സ്റ്റര്‍ എസിന് 1250 സിസി ലിക്വിഡ്-കൂള്‍ഡ്, DOHC വി-ട്വിന്‍ എഞ്ചിനാണ് തുടിപ്പേകുന്നത്.

വേരിയബിള്‍ വാല്‍വ് ടൈമിംഗ് സംവിധാനവും ഇതിന്റെ സവിശേഷതയാണ്. 121 bhp കരുത്തില്‍ 127 Nm torque ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ളതാണ്. സ്ലിപ്പര്‍ ക്ലച്ചുള്ള ആറ് സ്പീഡ് ഗിയര്‍ബോക്സുമായാണ് എഞ്ചിന്‍ ജോടിയാക്കിയിരിക്കുന്നത്. അഞ്ച് വ്യത്യസ്ത റൈഡിംഗ് മോഡലുകളും ഹാര്‍ലി-ഡേവിഡ്സണ്‍ ക്രൂയിസര്‍ മോട്ടോര്‍സൈക്കിളില്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. 227.7 കിലോഗ്രാം ഭാരമുള്ള ബൈക്കിന് 11.7 ലിറ്റര്‍ ഫ്യുവല്‍ ടാങ്ക് ശേഷിയാണുള്ളത്.

കോര്‍ണറിംഗ് എന്‍ഹാന്‍സ്ഡ് ഡ്രാഗ്-ടോര്‍ക്ക് സ്ലിപ്പ് കണ്‍ട്രോള്‍ സിസ്റ്റം, കോര്‍ണറിംഗ് എന്‍ഹാന്‍സ്ഡ് ആന്റിലോക്ക് ബ്രേക്കിംഗ് സിസ്റ്റം തുടങ്ങിയ റൈഡര്‍ സഹായ സംവിധാനങ്ങളും ബൈക്കില്‍ ഒരുക്കിയിട്ടുണ്ട്. അതോടൊപ്പം ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം, ഫ്രണ്ട്-വീല്‍ ലിഫ്റ്റ് ലഘൂകരണം ഉള്ള കോര്‍ണറിംഗ് എന്‍ഹാന്‍സ്ഡ് ട്രാക്ഷന്‍ കണ്‍ട്രോള്‍ സിസ്റ്റം എന്നിവയും ക്രൂയിസര്‍ ബൈക്കിനെ സഹായിക്കുന്നുണ്ട്.

 

 

Top