The Sports Ministry has canceled the ban on the Indian Olympic Association

ഡല്‍ഹി: സുരേഷ് കല്‍മാഡിയെയും അഭയ് സിങ് ചൗത്താലയെയും ആജീവനാന്ത അധ്യക്ഷന്മാരാകാനുള്ള നീക്കത്തില്‍നിന്ന് പിന്മാറിയതോടെ ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന് ഏര്‍പ്പെടുത്തിയ വിലക്ക് കായിക മന്ത്രാലയം റദ്ദാക്കി.

ഐഒഎയുടെ അസാധാരണ നടപടിയെ തുടര്‍ന്ന് ഡിസംബര്‍ 30 നാണ് മന്ത്രാലയം വിലക്ക് ഏര്‍പ്പെടുത്തിയിരുന്നത്.

കല്‍മാഡിയെയും ചൗത്താലയെയും നിയമിക്കാനുള്ള നീക്കത്തില്‍നിന്ന് പിന്മാറിയതായി ഐഒഎ അറിയിച്ചതോടെ വിലക്ക് റദ്ദാക്കുകയാണെന്ന് കായിക മന്ത്രാലയം വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.

ഇക്കാര്യത്തില്‍ മാത്രമൊതുങ്ങാതെ ഇനിയുള്ള പ്രവര്‍ത്തനങ്ങളിലും ധാര്‍മികതയും സത്യസന്ധതയും പുലര്‍ത്തണമെന്ന് കായിക മന്ത്രാലയം ഐഒഎയെ ഓര്‍മിപ്പിച്ചു. ഉയര്‍ന്ന നിലവാരത്തിലുള്ള പ്രവര്‍ത്തനമാണ് ഐഒഎയില്‍നിന്ന് പ്രതീക്ഷിക്കുന്നത്.

ഏതെങ്കിലും ആളുകളുടെയോ വിഭാഗത്തിന്റെയോ താല്‍പര്യങ്ങള്‍ക്കനുസൃതമായി പ്രവര്‍ത്തിക്കുന്ന സംഘമാവരുത് ഐഒഎ എന്നും കായിക മന്ത്രാലയം വ്യക്തമാക്കി.

ഡിസംബര്‍ 27ന് നടന്ന വാര്‍ഷിക യോഗത്തിലാണ് അഴിമതിക്കേസില്‍പ്പെട്ട കല്‍മാഡിയെയും ചൗത്താലയെയും ആജീവനാന്ത പ്രസിഡന്റുമാരാക്കാന്‍ ഐഒഎ തീരുമാനിച്ചത്.

തുടര്‍ന്ന് കായിക മന്ത്രാലയം ഐഒഎയെ സസ്‌പെന്‍ഡ് ചെയ്തു. തീരുമാനം പിന്‍വലിച്ചെങ്കില്‍ നടപടിയുണ്ടാകുമെന്ന് അന്താരാഷ്ട്ര ഒളിമ്പിക് സമിതിയും മുന്നറിയിപ്പ് നല്‍കിയിരുന്നു

Top