സംസ്ഥാനത്ത് സമഗ്രകായിക നയം രൂപീകരിക്കുമെന്ന് കായികമന്ത്രി വി അബ്ദുറഹ്മാന്‍

തിരുവനന്തപുരം: സംസ്ഥാനത്ത് സമഗ്രകായിക നയം രൂപീകരിക്കുമെന്നും ലോകശ്രദ്ധയാകര്‍ഷിക്കുന്ന കായികനഗരമായി കൊച്ചിയെ വളര്‍ത്തിയെടുക്കുമെന്നും കായികമന്ത്രി വി അബ്ദുറഹ്മാന്‍. ഗവ. ഗസ്റ്റ് ഹൗസില്‍ ജനപ്രതിനിധികളും ജില്ലാ ഭരണകൂടവുമായി നടത്തിയ യോഗത്തിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.

മഹാരാജാസ് കോളേജ് മൈതാനവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് തിരുവനന്തപുരത്തു ഉന്നതതല യോഗം ചേരും. കായിക നയം രൂപീകരിക്കുന്നതിന്റെ ഭാഗമായി കായിക താരങ്ങള്‍, മുന്‍ കായിക താരങ്ങള്‍, കായിക പ്രഗത്ഭര്‍ തുടങ്ങിയവരുമായി ചര്‍ച്ച നടത്തി ജില്ലാ സംസ്ഥാന തലങ്ങളില്‍ ശില്പശാലകള്‍ സംഘടിപ്പിക്കും. അനേകം കായികതാരങ്ങളെ സംഭാവന ചെയ്ത സംസ്ഥാനമാണ് കേരളം. എന്നാല്‍ ചില നാളുകളായി നമ്മുടെ കായിക താരങ്ങള്‍ക്കു ഉന്നതസ്ഥാനങ്ങളില്‍ എത്താന്‍ സാധിക്കുന്നില്ല. ഇതിനെക്കുറിച്ചും പഠനം നടത്തും.

സംസ്ഥാനത്ത് ആദ്യമായി വനിതകള്‍ക്കായി പനമ്പിള്ളി നഗറില്‍ ഫുട്‌ബോള്‍ അക്കാദമി ആരംഭിക്കും. കൂടാതെ കായിക യുവജന കാര്യാലയത്തിന്റെ റീജിയണല്‍ ഓഫീസും ജില്ലയില്‍ ആരംഭിക്കും. സ്‌റ്റേഡിയങ്ങളുടെ അറ്റകുറ്റപണികള്‍ നടത്തുന്നതില്‍ നാം പിന്നോക്കമാണ്. ഇതിനു പരിഹാരമായി കായികരംഗത്തെ സഹായിക്കുന്നതിന് സ്‌പോര്‍ട്‌സ് കേരള ലിമിറ്റഡ് എന്ന പേരില്‍ ആരംഭിക്കുന്ന പൊതുമേഖലാ സ്ഥാപനത്തിന്റെ രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയായി. ഈ സാമ്പത്തിക വര്‍ഷം സ്ഥാപനം പ്രവര്‍ത്തനം ആരംഭിക്കും. ഇതിന്റെ പ്രവര്‍ത്തനം ആരംഭിക്കുന്നതോടെ സംസ്ഥാനത്തെ കളിക്കളങ്ങള്‍ എന്നും സജീവമാകുമെന്നും മന്ത്രി പറഞ്ഞു.

കായികാടിസ്ഥാന വികസനത്തിനായി മുന്‍ സര്‍ക്കാര്‍ 850 കോടി രൂപയാണ് വിനയോഗിച്ചത്. എല്ലാ പഞ്ചായത്തുകളിലും ഒരു കളിസ്ഥലം ഒരുക്കി കായികരംഗം സജീവമാക്കാനാണ് ഈ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത് എന്നും മന്ത്രി പറഞ്ഞു. ദേശീയ അന്താരാഷ്ട്ര മത്സരങ്ങളില്‍ കായികതാരങ്ങള്‍ പങ്കെടുത്തു നാടിന്റെ യശസ്സ് ഉയര്‍ത്താന്‍ വേണ്ട സഹായങ്ങള്‍ കായിക താരങ്ങള്‍ക്കു നല്‍കും.

കാലഘട്ടത്തിനാവശ്യമായ പരിശീലനം കായിക താരങ്ങള്‍ക്കും ഒപ്പം പരിശീലകര്‍ക്കും നല്‍കും. കൂടാതെ ഒളിമ്പിക്‌സ് മെഡല്‍ നേടുന്നവര്‍ക്ക് ഉചിതമായ പാരിതോഷികവും സ്വീകരണവും നല്‍കും. നാല് വര്‍ഷത്തിനുള്ളില്‍ കായികരംഗത്തെ ആരോഗ്യ വിദ്യാഭ്യാസ മേഖലയെപോലെ തന്നെ ഉന്നത നിലവാരം പുലര്‍ത്തുന്ന രീതിയില്‍ മാറ്റി എടുക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് സമഗ്ര കായിക നയം രൂപീകരിക്കുന്നതിന് ഭാഗമായി ജില്ലയിലെ ജനപ്രതിനിധികളോടൊപ്പം മന്ത്രി മഹാരാജാസ് കോളേജ് മൈതാനം യോഗത്തിനു ശേഷം സന്ദര്‍ശിച്ചു.

Top