Sports lottery; T P Dasan’s statement

കോഴിക്കോട്: സ്‌പോര്‍ട്‌സ് ലോട്ടറിയില്‍ കൗണ്‍സിലിന് പണം കിട്ടാനുണ്ടെന്ന് മുന്‍ കൗണ്‍സില്‍ പ്രസിഡന്റ് ടി.പി. ദാസന്‍. സ്‌പോര്‍ട്‌സ് ലോട്ടറി നടത്തിയതില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്ന് 1.35 കോടിയിലേറെ രൂപയാണ് കിട്ടാനുള്ളത്. നാല് ജില്ലാ കൗണ്‍സിലുകളില്‍ നിന്നായി 8.87 ലക്ഷം രൂപയും ആറ് സ്‌പോര്‍ട്‌സ് അസോസിയേഷനുകളില്‍ നിന്നായി അഞ്ച് ലക്ഷത്തിലേറെ രൂപയും കൗണ്‍സിലിന് ലഭിക്കാനുണ്ടെന്ന് ദാസന്‍ വ്യക്തമാക്കി.

ജില്ലാ കൗണ്‍സിലുകള്‍ക്കും സ്‌പോര്‍ട്‌സ് അസോസിയേഷനുകള്‍ക്കും നല്‍കുന്ന ഗ്രാന്റുകളില്‍ നിന്ന് ഈ തുക ഈടാക്കാന്‍ കൗണ്‍സില്‍ തീരുമാനിച്ചിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ലോട്ടറി നടപ്പിലാക്കിയിരുന്ന കാലത്ത് കൗണ്‍സിലിന്റെ പ്രസിഡന്റായിരുന്നു ടി.പി. ദാസന്‍.

സ്‌പോര്‍ട്‌സ് ലോട്ടറി സംബന്ധിച്ച് അഴിമതി ആരോപണമുയര്‍ന്ന സാഹചര്യത്തില്‍ അന്വേഷണത്തെ ടി.പി. ദാസന്‍ സ്വാഗതം ചെയ്തു. അന്വേഷണം, വിഷയത്തില്‍ കൂടുതല്‍ വ്യക്തത കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു.

വിവാദത്തെ തുടര്‍ന്ന് നിലവില്‍ പ്രസിഡന്റായിരുന്ന അഞ്ജു ബോബി ജോര്‍ജ് രാജിവെച്ച സാഹചര്യത്തില്‍ ടി.പി. ദാസനെയാണ് ഇടതു സര്‍ക്കാര്‍ ഈ സ്ഥാനത്തേക്ക് വീണ്ടുമെത്തിക്കുന്നത്. രാജിവെക്കും മുമ്പ് സ്‌പോര്‍ട്‌സ് ലോട്ടറി ഉള്‍പ്പെടെ കൗണ്‍സിലില്‍ വന്‍ അഴിമതികള്‍ നടന്നിട്ടുണ്ടെന്ന് അഞ്ജു ആരോപിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ വിജിലന്‍സ് ഡയറക്ടര്‍ക്ക് പരാതിയും നല്‍കിയിട്ടുണ്ട്.

സ്‌പോര്‍ട്‌സ് ആവശ്യങ്ങള്‍ക്കായി ലാഭം വിനിയോഗിക്കുക എന്ന ലക്ഷ്യത്തോടെയാണ് താന്‍ പ്രസിഡന്റായിരുന്ന കാലത്ത് ലോട്ടറി ആരംഭിച്ചതെന്ന് ടി.പി. ദാസന്‍ പറഞ്ഞു. അതിന്റെ പ്രമോഷനും കൗണ്‍സിലാണ് നിര്‍വഹിച്ചിരുന്നത്. നിലവിലുള്ള ഏജന്റുമാര്‍ക്ക് പുറമേ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സ്‌പെഷ്യല്‍ ഏജന്റായിരുന്നെന്നും കോഴിക്കോട്ട് നടന്ന പത്രസമ്മേളനത്തില്‍ ടി.പി. ദാസന്‍ വിശദീകരിച്ചു.

Top