കായിക രംഗത്തെ ലോറസ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

കായിക രംഗത്തെ ലോറസ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച പുരുഷ താരമായി നൊവാക് ജോക്കോവിച്ചും മികച്ച വനിത താരമായി അമേരിക്കയില്‍ നിന്നുള്ള ജിംനാസ്റ്റിക് സിമോണ്‍ ബൈല്‍സും തെരഞ്ഞെടുക്കപ്പെട്ടു. മാതൃകാ കായിക കൂട്ടായ്മയ്ക്കുള്ള പുരസ്‌കാരം ഇന്ത്യയും സ്വന്തമാക്കി.

മികച്ച തിരിച്ചുവരവിനുള്ള പുരസ്‌കാരം ഗോള്‍ഫ് താരം ടൈഗര്‍ വുഡ്സിനാണ്. കരിയറിലെ 80-ാംത് പിജിഎ ടൂര്‍ണമെന്റില്‍ ചാമ്പ്യനായി തിരിച്ചുവരവ് നടത്തിയതിനാണ് ടൈഗര്‍ വുഡ്‌സ് പുരസ്‌കാരത്തിന് അര്‍ഹനായത്. തിരിച്ചുവരവിനുള്ള താരങ്ങളുടെ പട്ടികയില്‍ ഇന്ത്യയില്‍ നിന്ന് ഗുസ്തി താരം വിനേഷ് ഫോട്ടും ഇടം പിടിച്ചിരുന്നു.

കരിയറില്‍ ഏറ്റവും മികച്ച മുന്നേറ്റം നടത്തിയതിനുള്ള പുരസ്‌കാരം തേടിയെത്തിയത് ജപ്പാന്റെ ടെന്നീസ് റാണി നവോമി ഓസാക്കോയെയാണ്. ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ കിരീടം നേട്ടം പുരസ്‌കാര നിര്‍ണയത്തില്‍ മുതല്‍ക്കൂട്ടായി. 2018 ഫുട്‌ബോള്‍ ലോകകപ്പ് നേടിയ ഫ്രഞ്ച് ടീമാണ് മികച്ച കായിക ടീം. നീണ്ട കാലം ആഴ്‌സണലിനെ പരിശീലിപ്പിച്ച ആഴ്‌സണ്‍ വെങ്ങര്‍ക്ക് ആജീവാനന്ത കായിക താരത്തിനുള്ള പുരസ്‌കാരം ലഭിച്ചു.

ജാര്‍ഖണ്ഡ് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ‘യുവ’യാണ് മാതൃകാ കായിക കൂട്ടായ്മയ്ക്കുള്ള ലോറന്‍സ് പുരസ്‌കാരം നേടിയത്. 15 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇന്ത്യ- പാക് ക്രിക്കറ്റ് ടീമുകള്‍ ഈ പുരസ്‌കാരം പങ്കിട്ടിരുന്നു. ലോക രാജ്യങ്ങളില്‍ നിന്നുള്ള മാധ്യമ പ്രവര്‍ത്തകര്‍ നടത്തിയ വോട്ടെടുപ്പിലൂടെയാണ് പുരസ്‌കാര ജേതാക്കളെ നിശ്ചയിച്ചത്.

Top