സ്‌റ്റേഡിയങ്ങള്‍ തുറക്കും, ഇനിയും ഐ.പി.എല്ലിനായി കാത്തിരിക്കണം

ന്യൂഡല്‍ഹി: ഇന്ത്യയില്‍ നാലാം ഘട്ട ലോക് ഡൗണ്‍ മെയ് 31 വരെ നീട്ടിയെങ്കിലും സ്പോര്‍ട്‌സ് കോംപ്ലക്സുകളും സ്റ്റേഡിയങ്ങളും തുറക്കാമെന്നും കാണികളില്ലാതെ മത്സരം നടത്താമെന്നുമാണ് കഴിഞ്ഞദിവസം കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നത്. ഇതോടെ മുന്‍നിര കായികതാരങ്ങള്‍ക്ക് പരിശീലനം കൂടുതല്‍ സജീവമാക്കാം. .പക്ഷേ, കായിക മത്സരങ്ങള്‍ തുടങ്ങുന്ന കാര്യം ദേശീയ സ്പോര്‍ട്‌സ് ഫെഡറേഷനുകള്‍ ഇപ്പോള്‍ പരിഗണിക്കുന്നില്ല.

ഐ.പി.എല്‍. തുടങ്ങാന്‍ സാധ്യതയുണ്ടോ എന്നാണ് സംഘാടകരും ആരാധകരും ഉറ്റുനോക്കുന്നത്. എന്നാല്‍ അഭ്യന്തര- അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ തുടങ്ങാതെ ക്രിക്കറ്റ് മത്സരം നടത്താനാകില്ലെന്നാണ് ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് (ബി.സി.സി.ഐ.) ട്രഷറര്‍ അരുണ്‍കുമാര്‍ ധൂമല്‍ പറയുന്നത്.

മാര്‍ച്ച് അവസാനം തുടങ്ങേണ്ടിയിരുന്ന ഐ.പി.എല്‍. അനിശ്ചിതകാലത്തേക്ക് നീട്ടിവെച്ചിരിക്കുകയാണ്. ഐപിഎല്‍ മുടങ്ങിയാല്‍ ഇന്ത്യന്‍ താരങ്ങളുടെ പ്രതിഫലം വെട്ടിക്കുറയ്ക്കേണ്ടി വരുമെന്ന് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി പറഞ്ഞിരുന്നു. 4000 കോടിയാണ് ബിസിസിഐക്ക് നഷ്ടം സംഭവിക്കുക.

Top