ചികിത്സയ്‌ക്കെത്തിയ യുവാവിന്റെ വയറിനുള്ളില്‍ കത്തി, ബ്രഷ്, സ്‌ക്രൂഡ്രൈവര്‍; ഡോക്ടര്‍മാര്‍ ഞെട്ടി

മണ്ഡി: യുവാവിന്റെ ആമാശയത്തില്‍ നിന്ന് ഡോക്ടര്‍മാര്‍ പുറത്തെടുത്തത് എട്ട് സ്പൂണുകള്‍, രണ്ട് സ്‌ക്രൂ ഡ്രൈവറുകള്‍, രണ്ട് ടൂത്ത് ബ്രഷുകള്‍, ഒരു കത്തി. ഹിമാചല്‍ പ്രദേശിലെ ശ്രീ ലാല്‍ ബഹാദൂര്‍ ശാസ്ത്രി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജിലാണ് ഈ ശസ്ത്രക്രീയ നടന്നത്.

കരണ്‍ സിങ് എന്ന യുവാവാണ് വയറ്റില്‍ വീക്കമുണ്ടായതിനെ തുടര്‍ന്ന് സുന്ദര്‍നഗറിലെ ക്ലിനിക്കില്‍ ചികിത്സ തേടിയത്. കരണ്‍ സിങിനെ പരിശോധിച്ച ഡോക്ടര്‍മാര്‍ വയറ്റിനുള്ളില്‍ കത്തിയുണ്ടെന്ന് കണ്ടെത്തി. പ്രാഥമിക ചികിത്സ നല്‍കിയ ശേഷം യുവാവിനെ മെഡിക്കല്‍ കോളേജിലേക്ക് അയയ്ക്കുകയായിരുന്നു.

മെഡിക്കല്‍ കോളേജില്‍ നടത്തിയ എക്സ്റേ പരിശോധനയില്‍ യുവാവിന്റെ വയറ്റില്‍ വിവിധ വസ്തുക്കളുണ്ടെന്ന് കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് നാല് മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയിലൂടെ മൂന്നംഗഡോക്ടര്‍മാരുടെ സംഘം ആമാശയത്തില്‍ നിന്ന് വസ്തുക്കള്‍ നീക്കം ചെയ്തു. അപൂര്‍വമായ സംഭവമാണിതെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.

മുപ്പത്തഞ്ചുകാരനായ കരണിന് മാനസിക പ്രശ്നങ്ങളുണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. യുവാവിപ്പോള്‍ അപകടനില തരണം ചെയ്തിട്ടുണ്ട്.

Top