സ്‌പോണ്‍സര്‍ഷിപ്പ് വ്യവസ്ഥ അവസാനിപ്പിക്കാന്‍ ഒരുങ്ങി കുവൈത്ത്

കുവൈത്ത് സിറ്റി: സ്‌പോണ്‍സര്‍ഷിപ്പ് വ്യവസ്ഥയ്ക്ക് ബദല്‍ സംവിധാനം നടപ്പിലാക്കാനൊരുങ്ങി കുവൈത്ത്. വിസാ കച്ചവടവും മനുഷ്യക്കടത്തും പ്രതിരോധിക്കുന്നതിന്റെ ഭാഗമായി പല മാര്‍ഗങ്ങളും സ്വീകരിച്ചു പരാജയപ്പെട്ട സാഹചര്യത്തിലാണ് സ്‌പോണ്‍സര്‍ഷിപ്പ് വ്യവസ്ഥ എടുത്തുമാറ്റാനുള്ള നിര്‍ദേശത്തോട് ഗവണ്‍മെന്റ് അനുകൂലനിലപാട് സ്വീകരിച്ചത്.

സ്‌പോണ്‍സര്‍ഷിപ്പ് സമ്പ്രദായം ഇല്ലാതാകുന്നതോടെ അന്താരാഷ്ട്ര തൊഴില്‍ സംഘടന(ഐഎല്‍ഒ) പോലുള്ള അന്താരാഷ്ട്ര സംഘടനകളുടെ റാങ്കിങ്ങില്‍ മുകളിലെത്താന്‍ കുവൈത്തിന് സാധിക്കുമെന്നാണ് വിലയിരുത്തുന്നത്. കഫാല വ്യവസ്ഥ ഒഴിവാക്കാനുള്ള നിര്‍ദേശത്തിനു ഗവണ്‍മെന്റ് പച്ചക്കൊടി കാട്ടിയെന്നാണ് സൂചന. ഖത്തറില്‍ അടുത്ത കാലത്താണ് സ്‌പോണ്‍സര്‍ഷിപ്പ് വ്യവസ്ഥയില്‍ മാറ്റം വരുത്തി നീക്കം ചെയ്തത്. സ്‌പോണ്‍സര്‍ഷിപ്പ് സമ്പ്രദായം അടിമ വ്യവസ്ഥക്ക് തുല്യമാണെന്നും നിരവധി ചൂഷണങ്ങള്‍ക്കും മനുഷ്യാവകാശ ധ്വംസനങ്ങള്‍ക്കും കാരണമാകുന്നതാണെന്നുമായിരുന്നു മനുഷ്യാവകാശ സംഘടനകളുടെ വിലയിരുത്തല്‍

Top