സ്പിന്‍ ബൗളര്‍മാരെ പരിശീലിപ്പിക്കാന്‍ തയ്യാറാണെന്ന് ലക്ഷ്മണ്‍ ശിവരാമകൃഷ്ണന്‍

ന്യൂഡല്‍ഹി : ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ സ്പിന്‍ ബൗളര്‍മാരെ പരിശീലിപ്പിക്കാന്‍ താല്‍പ്പര്യം അറിയിച്ച് മുന്‍ ലെഗ് സ്പിന്നര്‍ ലക്ഷ്മണ്‍ ശിവരാമകൃഷ്ണന്‍.

ബിസിസിഐ തന്നെ സമീപിക്കുകയാണെങ്കില്‍ 2019 ലോകകപ്പ് വരെ ടീമിന്റെ സ്പിന്‍ കണ്‍സള്‍ട്ടന്റ്/കോച്ച് റോളില്‍ ടീമിനെ സഹായിക്കാമെന്നാണ് ശിവരാമകൃഷ്ണന്‍ അഭിപ്രായപ്പെട്ടത്.

കുറഞ്ഞത് അഞ്ച് വിക്കറ്റുകളെങ്കിലും നേടിയാല്‍ ഈ ദൗത്യം സ്പിന്നര്‍മാര്‍ കൈവരിച്ചുവെന്ന് കരുതാവുന്നതാണ്. ഈ ഘട്ടത്തില്‍ വിക്കറ്റുകള്‍ വീഴ്ത്തിയില്ലെങ്കില്‍ ബാറ്റ്‌സ്മാന്മാര്‍ അവസാന ഓവറുകളില്‍ തകര്‍ത്തടിക്കുവാനുള്ള സാധ്യത കൂടുതലാണെന്നും അദ്ദേഹം സൂചിപ്പിച്ചു.

ഇന്ത്യയുടെ സ്പിന്നര്‍മാരെല്ലാം മികച്ചവരാണെങ്കിലും അവര്‍ ഇനിയും മെച്ചപ്പെടാനുണ്ടെന്ന് ശിവരാമകൃഷ്ണന്‍ പറഞ്ഞു. കുല്‍ദീപ് യാദവ് പന്തെറിയുമ്പോള്‍ തന്റെ ആക്ഷനും ശരീരവും ക്രമപ്പെടുത്തേണ്ടതുണ്ട്.

യുസവേന്ദ്ര ചഹലിന്റെ ബൗളിങിലും ചില മാറ്റങ്ങള്‍ ആവശ്യമാണെന്നും, ഇരുവരും ടോപ് സ്പിന്നുകള്‍ കൂടി എറിയുവാന്‍ ശീലിച്ച് തുടങ്ങിയാല്‍ കൂടുതല്‍ അപകടകാരികളാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

നേരത്തെ പല സന്ദര്‍ഭങ്ങളിലും ഇന്ത്യന്‍ സ്പിന്നര്‍മാര്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കാന്‍ ലക്ഷ്മണ്‍ ശിവരാമകൃഷ്ണ്‍ സമയം കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം സമാപിച്ച വെസ്റ്റിന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് മുന്‍പ് അശ്വിന്‍, ജഡേജ, കുല്‍ദീപ് യാദവ് എന്നിവര്‍ക്ക് അദ്ദേഹം തന്ത്രങ്ങള്‍ പകര്‍ന്നുകൊടുത്തിരുന്നു. നിലവില്‍ ക്രിക്കറ്റ് കമന്റേറ്ററാണ് ലക്ഷ്മണ്‍ ശിവരാമകൃഷ്ണന്‍.

Top