മാര്‍വലും സോണിയും പിരിയുന്നു: ഇനി സ്‌പൈഡര്‍മാന്‍ ?

സ്‌പൈഡര്‍മാന്‍ മാര്‍വല്‍ സിനിമാറ്റിക് വേള്‍ഡ് വിട്ടേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. സോണി പിക്‌ചേഴ്‌സും മാര്‍വലിന്റെ ഉടമകളായ ഡിസ്‌നിയും തമ്മിലുള്ള തര്‍ക്കത്തെ തുടര്‍ന്നാണ് സ്‌പൈഡര്‍മാനും മാര്‍വലും വഴിപിരിയുന്നതെന്നാണ് പുറത്തുവരുന്ന സൂചന.

സ്‌പൈഡര്‍മാന്‍ ഫാര്‍ ഫ്രം ഹോമിന്റെ അഭൂതപൂര്‍വമായ വിജയത്തിന് ശേഷമാണ് മാര്‍വലും സോണിയും തമ്മിലുള്ള തര്‍ക്കങ്ങള്‍ രൂക്ഷമായത്. എംസിയുവിന്റെ ക്യാപ്റ്റന്‍ അമേരിക്ക, സിവില്‍ വാറിലൂടയാണ് ടോം ഹോളണ്ടിന്റെ സ്‌പൈഡര്‍മാന്‍ പുതിയ രൂപത്തില്‍ സ്‌ക്രീനുകളിലെത്തിയത്. എന്നാല്‍ ഇനിയുള്ള സ്‌പൈഡര്‍മാന്‍ ചിത്രങ്ങള്‍ക്ക് മാര്‍വല്‍ സ്റ്റുഡിയോ പ്രസിഡന്റ് കെവിന്‍ ഫെയ്ജിന്റെ ഇടപെടലുകളുണ്ടാകില്ലെന്ന് സോണി വാര്‍ത്താക്കുറിപ്പിലൂടെ പ്രഖ്യാപിച്ചതോടെയാണ് വാര്‍ത്ത പുറത്തുവന്നത്.

‘സ്‌പൈഡര്‍മാന്‍ ചിത്രങ്ങളില്‍ കൂടുതല്‍ അവകാശം വേണമെന്ന ഡിസ്‌നിയുടെ ആവശ്യം നിരാശാജനകമാണ്. ഇനിയുള്ള സ്പൈഡര്‍മാന്‍ ചിത്രങ്ങള്‍ക്ക് മാര്‍വല്‍ സ്റ്റുഡിയോ പ്രസിഡന്റ് കെവിന്‍ ഫെയ്ജിന്റെ ഇടപെടലുകളുണ്ടാകില്ല’ എന്നും സോണി വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. ഇരുകമ്പനികളും ചേര്‍ന്നാണ് സ്പൈഡര്‍മാന്റെ ഒടുവിലത്തെ രണ്ട് ചിത്രങ്ങള്‍ നിര്‍മിച്ചിരുന്നത്.

മാര്‍വല്‍ കോമിക്‌സിന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന സ്‌പൈഡര്‍മാന്റെ ഉടമസ്ഥാവകാശം 1999 ലാണ് സോണി സ്വന്തമാക്കുന്നത്. അഞ്ച് സ്‌പൈഡര്‍മാന്‍ ചിത്രങ്ങളാണ് സോണി സ്വന്തം നിലയില്‍ ഒരുക്കിയത്. ലോകമെമ്പാടുമുള്ള ലക്ഷക്കണക്കിന് ആരാധകരെ നിരാശയിലാഴ്ത്തുന്ന കമ്പനികളുടെ പുതിയ തീരുമാനത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ വന്‍പ്രതിഷേധമാണ് ഉയരുന്നത്

Top