ഇടുക്കി വികസനത്തിന് 12,000 കോടി; സുഗന്ധ വ്യഞ്ജനങ്ങള്‍ ബ്രാന്‍ഡ് ചെയ്യുമെന്ന് മുഖ്യമന്ത്രി

കട്ടപ്പന: ഇടുക്കിയുടെ സമഗ്ര വികസനത്തിനായി 12000 കോടിയുടെ പാക്കേജ് പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കൃഷി, ടൂറിസം, അടിസ്ഥാന സൗകര്യ വികസനം തുടങ്ങി ആറ് മേഖലകളില്‍ ഊന്നിയുള്ള വികസനമാണ് ലക്ഷ്യം. ഇടുക്കി കാപ്പിയും ബ്രാന്‍ഡ് ചെയ്യും. ഇടുക്കിയിലെ സുഗന്ധവ്യഞ്ജനങ്ങള്‍ ബ്രാന്റ് ചെയ്ത് വിദേശ മാര്‍ക്കറ്റുകളില്‍ എത്തിക്കും. ട്രീ ബാങ്കിങ് സ്‌കീമിന് രൂപം നല്‍കും. മരം വച്ചുപിടിപ്പിക്കല്‍ പ്രോത്സാഹിപ്പിക്കുകയാണ് ട്രീ ബാങ്കിങിന്റെ ലക്ഷ്യമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ഇടുക്കിയിലെ സഹകരണ രംഗത്തുള്ള തേയില ഫാക്ടറികളുടെ നവീകരണത്തിന് 20 കോടി അനുവദിച്ചു. തോട്ടം തൊഴിലാളികളുടെ ലയങ്ങള്‍ നന്നാക്കുകയും ലൈഫ് പദ്ധതി പ്രകാരം വീടുകളും ഫ്ലാറ്റുകളും നിര്‍മിച്ചു നല്‍കുകയും ചെയ്യും. ഹൈറേഞ്ചില്‍ 250 ഏക്കറില്‍ ഫുഡ് പാര്‍ക്ക് സ്ഥാപിക്കുമെന്നും ഇതിനായി 500 കോടി അനുവദിച്ചിട്ടുണ്ട്. വട്ടവട, മറയൂര്‍, കാന്തല്ലൂര്‍ മേഖലകളിലെ ശീതകാല പച്ചക്കറികള്‍ ശേഖരിക്കുന്നതിന് സ്ഥിരം സംവിധാനം ഏര്‍പ്പെടുത്തും.

പരിസ്ഥിതി പുനഃസ്ഥാപന ക്യാമ്പയിന്‍ കൊണ്ടുവരും. മണ്ണ്, ജല സംരക്ഷണ പദ്ധതികള്‍ക്ക് 250 കോടി നബാഡില്‍ നിന്ന് ലഭ്യമാക്കും തുടങ്ങിയ പ്രഖ്യാപനങ്ങളാണ് മുഖ്യമന്ത്രി നടത്തിയത്. കട്ടപ്പനയില്‍ പൊതുചടങ്ങിലൂടെയാണ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം ഉണ്ടായത്. മന്ത്രിമാരായ ഇ ചന്ദ്രശേഖരന്‍, തോമസ് ഐസക്, എംഎം മണി തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു.

Top