തിരുവല്ലയിൽ വഴിയോര കച്ചവടക്കാരനെ ഇടിച്ച് തെറിപ്പിച്ച് അമിത വേഗത്തിലെത്തിയ കാർ

പത്തനംതിട്ട: തിരുവല്ലയിലെ പുളികീഴിൽ അമിത വേഗത്തിലെത്തിയ കാർ വഴിയോര കച്ചവടക്കാരനെ ഇടിച്ച് തെറിപ്പിച്ചു. തമിഴ്നാട് സ്വദേശിക്കാണ് അപകടത്തിൽ ഗുരുതര പരിക്കേറ്റത്. ഇടിച്ച് തെറിപ്പിച്ച കാറിലുണ്ടായിരുന്നവർ ഓടി രക്ഷപ്പെട്ടു. ഇവർ മദ്യപിച്ചിരുന്നെന്നാണ് നാട്ടുകാർ പറയുന്നത്. അതേസമയം ഇന്നലെ ചേർത്തലയിൽ ദേശീയ പാതയിൽ നിർത്തിയിട്ടിരുന്ന ടോറസ് ലോറിക്ക് പിന്നിൽ കെഎസ്ആർടിസി ബസിടിച്ച് നിരവധി പേർക്ക് പരിക്കേറ്റു. ദേശീയ പാതയിൽ ചേർത്തല അർത്തുങ്കൽ ബൈപ്പാസ് ജംഗ്ഷനു സമീപം ഇന്നലെ ഉച്ചയ്ക്ക് 12.30 ഓടെയായിരുന്നു അപകടം. ഗുരുതരമായി പരുക്കേറ്റ മൂന്നുപേരെ ആലപ്പുഴ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

കുത്തിയതോട് കുന്നേൽ സീനത്ത്(62), കോടംതുരുത്ത് തേജസിൽ സോന (43), മുഹമ്മ മറ്റത്തിൽ ആശ സുനീഷ് എന്നിവരെയാണ് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അപകടത്തിൽ സീനത്തിന് തലയ്ക്കും മൂക്കിനും കാലിനുമാണ് പരിക്ക്, സോനയ്ക്ക് തലയ്ക്കും, ആശ സുനീഷിന് മൂക്കിനുമാണ് പരിക്കേറ്റത്. ഇന്ന് 12.10ന് ചേർത്തലയിൽ നിന്നും തോപ്പുംപടിയിലേക്ക് പുറപ്പെട്ട ബസാണ് അപകടത്തിൽപ്പെട്ടത്. ബസ് ഡ്രൈവർ ഇടക്കൊച്ചി സ്വദേശി ജയനും എറണാകുളം സ്വദേശിനിയായ കണ്ടക്ടർ അനിമോൾക്കും തോളെല്ലിനും കാലിനും പരുക്കേറ്റിട്ടുണ്ട്.

അതേസമയം മറ്റൊരു സംഭവത്തില്‍ വിനോദ സഞ്ചാരികളായ ദമ്പതികളെ ആക്രമിക്കുകയും വാഹനം തല്ലിത്തകർക്കുകയും ചെയ്ത യുവാവിനെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. ഒരാൾ ഓടി രക്ഷപ്പെട്ടു. ഇടുക്കി മാട്ടുപ്പെട്ടി എസ്റ്റേറ്റിൽ നെറ്റിമേട് സ്വദേശി പി ഗോകുൽ (21) നെയാണ് മൂന്നാർ പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരുടെ ആക്രമണത്തിൽ പരിക്കേറ്റ കുമളി സ്വദേശി സലീം (54), ഭാര്യ അനീഷ (46) എന്നിവരെ ടാറ്റാ ഹൈറേഞ്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

 

Top