മൂടൽമഞ്ഞ്: സൂപ്പർ റോഡുകളിലെ വേഗതാ പരിധി കുറച്ചു, പാലിച്ചില്ലെങ്കിൽ വൻ പിഴ

ശൈത്യകാലത്ത്, പല നഗരങ്ങളിലും റോഡുകളിലും ഇടതൂർന്ന മൂടൽമഞ്ഞ് ഉണ്ട്. അത്തരമൊരു സാഹചര്യത്തിൽ അപകട സാധ്യത വർദ്ധിക്കുന്നു. മൂടൽമഞ്ഞ് കാരണം വാഹനങ്ങൾ ഒന്നിനുപുറകെ ഒന്നായി കൂട്ടിയിടിക്കുന്ന ദൃശ്യങ്ങൾ ഈ സീസണിലെ നിരവധി വീഡിയോകൾ പുറത്തുവന്നിട്ടുണ്ട്. ജനങ്ങളുടെ ഈ സുരക്ഷ കണക്കിലെടുത്ത്, എല്ലാ വർഷവും ഡിസംബർ 15-ന്, നോയിഡ – ഗ്രേറ്റ് നോയിഡ എക്‌സ്‌പ്രസ്‌വേ, യമുന എക്‌സ്‌പ്രസ്‌വേ തുടങ്ങി നിരവധി റൂട്ടുകളിൽ വേഗപരിധി നിയമങ്ങൾ മാറ്റുന്നു. ഈ നിയമങ്ങളെക്കുറിച്ച് അറിയാത്ത ആളുകൾക്കും ചലാൻ നൽകും. ആദ്യ ദിവസം തന്നെ 468 ചലാനുകളാണ് ട്രാഫിക് പോലീസ് പുറപ്പെടുവിച്ചിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകൾ.

ആഗ്രയ്ക്കും ഗ്രേറ്റർ നോയിഡയ്ക്കും ഇടയിലാണ് യമുന എക്‌സ്പ്രസ് വേ. 165 കിലോമീറ്ററാണ് നീളം. മഞ്ഞുകാലത്ത് ഈ റൂട്ടിൽ മൂടൽമഞ്ഞ് വർദ്ധിക്കുന്നതിനാൽ ഇതുവഴി ഓടുന്ന വാഹനങ്ങളുടെ വേഗപരിധി കുറച്ചിട്ടുണ്ട്. ഡിസംബർ 15 മുതലാണ് വേഗപരിധി നിയമം നിലവിൽ വന്നത്. ചട്ടം അനുസരിച്ച്, ചെറുവാഹനങ്ങൾ മണിക്കൂറിൽ 100 ​​കിലോമീറ്ററിന് പകരം പരമാവധി 80 കിലോമീറ്റർ വേഗതയിൽ ഓടണം. അതേസമയം ഹെവി വാഹനങ്ങൾക്ക് പരമാവധി വേഗത മണിക്കൂറിൽ 60 കി.മീ ആണ്.

യമുന എക്സ്പ്രസ് വേയിൽ ഓടുന്ന വാഹനങ്ങളുടെയും ജനങ്ങളുടെയും സുരക്ഷ കണക്കിലെടുത്ത്, ഓരോ വർഷവും ശൈത്യകാലത്ത് അതോറിറ്റി അതിന്റെ പരമാവധി വേഗത പരിധി കുറയ്ക്കുന്നു. ഡിസംബർ 15 മുതൽ ഫെബ്രുവരി 15 വരെ ചെറുവാഹനങ്ങളുടെ പരമാവധി വേഗപരിധി മണിക്കൂറിൽ 80 കിലോമീറ്ററായിരിക്കും. അതേസമയം ഭാരവാഹനങ്ങളുടെ പരമാവധി വേഗപരിധി മണിക്കൂറിൽ 60 കിലോമീറ്ററായി നിജപ്പെടുത്തിയിട്ടുണ്ട്. ഈ നിയമങ്ങൾ പാലിച്ചില്ലെങ്കിൽ നടപടിയെടുക്കും. ആളുകൾക്ക് 2000 രൂപയുടെ ചലാനും നൽകിയിട്ടുണ്ട്.

ഇന്ത്യയിൽ ദേശീയ പാതകളിലും എക്‌സ്പ്രസ് വേകളിലും ഓടുന്ന വാഹനങ്ങളുടെ വേഗത സംബന്ധിച്ച് വ്യത്യസ്‍ത നിയമങ്ങളുണ്ട്. ദേശീയപാതയിൽ കാറുകളുടെ പരമാവധി വേഗപരിധി മണിക്കൂറിൽ 100 ​​കിലോമീറ്ററായി നിജപ്പെടുത്തിയിരിക്കുമ്പോൾ, എക്സ്പ്രസ് വേയിൽ ഈ പരിധി മണിക്കൂറിൽ 120 കിലോമീറ്ററാണ്. ഇരുചക്രവാഹനങ്ങൾക്കും ഭാരവാഹനങ്ങൾക്കും വേഗപരിധി വ്യത്യസ്‍തമാണ്. ഹൈവേകളിലും എക്‌സ്പ്രസ് വേകളിലും ഇരുചക്രവാഹനങ്ങൾക്ക് മണിക്കൂറിൽ 80 കിലോമീറ്റർ വരെയും ബസുകൾ, ട്രക്കുകൾ തുടങ്ങിയ ഹെവി വാഹനങ്ങൾക്ക് മണിക്കൂറിൽ 100 ​​കിലോമീറ്റർ വരെയും വേഗപരിധിയുണ്ട്. എന്നാൽ ശൈത്യകാലത്ത് വേഗപരിധി കുറയുന്നു.

Top