മോദിയുടെ പരിപാടിയില്‍നിന്ന് പ്രസംഗം നീക്കി; അശോക് ഗഹലോത്ത്

ജയ്പുര്‍: നരേന്ദ്രമോദി പങ്കെടുക്കുന്ന പൊതുപരിപാടിയില്‍ നിന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെട്ട് തന്റെ പ്രസംഗം ഒഴിവാക്കിയതായി രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗഹലോത്ത്. പ്രധാനമന്ത്രി രാജസ്ഥാനിലെ സികാറിലെത്തുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പാണ് ആരോപണവുമായി ഗഹലോത്ത് രംഗത്തെത്തിയത്. പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെട്ട് തന്റെ മൂന്ന് മിനിറ്റ് പ്രസംഗം ഒഴിവാക്കിയെന്നും അതിനാല്‍ താങ്കളെ ട്വിറ്ററില്‍ മാത്രമേ സ്വാഗതംചെയ്യാന്‍ കഴിയൂവെന്നും നരേന്ദ്രമോദിയെ അഭിസംബോധന ചെയ്ത് ഗഹലോത്ത് ട്വീറ്റ് ചെയ്തു.

രാജസ്ഥാന്‍ മുഖ്യമന്ത്രിയുടെ ആരോപണത്തിന് മറുപടിയുമായി പ്രധാനമന്ത്രിയുടെ ഓഫീസും രംഗത്തെത്തി. മുഖ്യമന്ത്രിയുടെ ഓഫീസ് ആവശ്യപ്പെട്ടതനുസരിച്ചാണ് പ്രസംഗം ഒഴിവാക്കിയതെന്നാണ് പി.എം.ഒയുടെ വിശദീകരണം. മുന്‍പും പ്രധാനമന്ത്രിയുടെ പരിപാടികളിലേക്ക് താങ്കള്‍ക്ക് ക്ഷണമുണ്ടായിരുന്നു. അന്നെല്ലാം താങ്കള്‍ പരിപാടിയില്‍ പങ്കെടുത്തിട്ടുണ്ട്. ഇന്നത്തെ പരിപാടിയില്‍ പങ്കെടുക്കാന്‍ സ്വാഗതംചെയ്യുന്നു. വികസന പ്രവര്‍ത്തനങ്ങളുടെ ഫലകത്തിലും നിങ്ങളുടെ പേരുണ്ട്. അടുത്തിടെയുണ്ടായ പരിക്കുകാരണമുള്ള ബുദ്ധിമുട്ടൊന്നുമില്ലെങ്കില്‍ നിങ്ങളുടെ സാന്നിധ്യം തീര്‍ച്ചയായും വിലമതിക്കപ്പെടുമെന്നും പി.എം.ഒ. ട്വീറ്റ് ചെയ്തു.

സംസ്ഥാനത്ത് 12 മെഡിക്കല്‍ കോളേജുകളുടെ ശിലാസ്ഥാപനം നടക്കുകയാണെന്നും ഇത് സാധ്യമായത് സംസ്ഥാനസര്‍ക്കാരും കേന്ദ്രവും തമ്മിലുള്ള സഹകരണം മൂലമാണ്. 3,689 കോടി രൂപയുടെ പദ്ധതിയില്‍, കേന്ദ്രം 2,213 കോടി രൂപയും ബാക്കി വരുന്ന 1,476 കോടി രൂപ സംസ്ഥാനവുമാണ് വഹിക്കുന്നത്. പദ്ധതിക്ക് വേണ്ടി പ്രയത്നിച്ചവരെ സംസ്ഥാന സര്‍ക്കാരിന് വേണ്ടി അഭിനന്ദിക്കുന്നുവെന്ന് അശോക് ഗഹലോത്ത് ട്വീറ്റ് ചെയ്തു.

പി.എം.ഒയുടെ ഓഫീസ് ഇടപെട്ട് റദ്ദാക്കിയ പ്രസംഗത്തില്‍ താന്‍ പറയാന്‍ ആഗ്രഹിച്ച കാര്യങ്ങള്‍ ട്വീറ്റില്‍ വിശദമാക്കുകയാണെന്ന് ചൂണ്ടിക്കാട്ടി അഞ്ച് ആവശ്യങ്ങളും അദ്ദേഹം മുന്നോട്ടുവെച്ചു. ആറ് മാസത്തിനിടെ സംസ്ഥാനത്തേക്ക് നടത്തുന്ന ഏഴാമത്തെ യാത്രയില്‍ നിങ്ങള്‍ ഇത് പൂര്‍ത്തിയാക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. അഗ്‌നിവീര്‍ പദ്ധതി ഉപേക്ഷിച്ച് നേരത്തെ ഉണ്ടായിരുന്ന രീതിയില്‍ സേനയിലേക്ക് റിക്രൂട്ട്മെന്റ് നടത്തുക, കര്‍ഷകരുടെ വായ്പ എഴുതിത്തള്ളാന്‍ ദേശസാല്‍കൃത ബാങ്കുകള്‍ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് കേന്ദ്രത്തിന് നല്‍കിയ നിര്‍ദേശങ്ങള്‍ അംഗീകരിക്കുക, ജാതി സെന്‍സസില്‍ വൈകാതെ കേന്ദ്രം തീരുമാനമെടുക്കുക, മൂന്ന് ഗോത്രവര്‍ഗ ഭൂരിപക്ഷ ജില്ലകളിലെ മെഡിക്കല്‍ കോളേജ് നിര്‍മാണത്തിന് കേന്ദ്രം 60% ഫണ്ട് വഹിക്കുക, കിഴക്കന്‍ രാജസ്ഥാന്‍ കനാല്‍ പദ്ധതിക്ക് ദേശീയ പ്രാധാന്യം നല്‍കുക എന്നീ ആവശ്യങ്ങളാണ് ഗഹലോത്ത് ട്വീറ്റിലൂടെ മുന്നോട്ടുവെച്ചത്.

Top