പ്രധാനമന്ത്രിക്കെതിരേ അധിക്ഷേപ പരാമര്‍ശം; ടി.ടി.വി.ദിനകരനെതിരേ കേസ്

ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും തമിഴ്നാട് മുഖ്യമന്ത്രിയെയും അപമാനിച്ചെന്നാരോപിച്ച് എഡിഎംകെ വിമതനേതാവ് ടി.ടി.വി.ദിനകരനെതിരേ കേസ്.

കഴിഞ്ഞ ദിവസം മുഖ്യമന്ത്രി കെ.പളനിസ്വാമി മുതിര്‍ന്ന ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തുമ്പോള്‍ യോഗഹാളിനു പുറത്ത് ലഘുലേഖകള്‍ വിതരണം ചെയ്തെന്നും ഇതില്‍ പ്രധാനമന്ത്രിയെയും മുഖ്യമന്ത്രിയെയും അപമാനിക്കുന്ന പരാമര്‍ശങ്ങള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടി വിനായകന്‍ എന്നയാള്‍ സമര്‍പ്പിച്ച പരാതിയിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

രാജ്യദ്രോഹക്കുറ്റമാണ് ദിനകരനെതിരേ ചുമത്തിയിട്ടുള്ളതെന്നു ചില ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ദിനകരനു പുറമേ പത്തുപേര്‍ക്കെതിരേയും കേസുണ്ട്. ഇവരില്‍ മുന്‍ എംഎല്‍എ വെങ്കടാചലവും ഉള്‍പ്പെടുന്നു. അടുത്തിടെ ദിനകരനെ അനുകൂലിക്കുന്ന 18 വിമത എഡിഎംകെ എംഎല്‍എമാരെ തമിഴ്നാട് സ്പീക്കര്‍ അയോഗ്യരാക്കിയിരുന്നു.

Top