ശമ്പളം വെട്ടികുറച്ചെന്ന അഭ്യൂഹം; ചെന്നൈ നിവാസികളെ വലച്ച് ബസ് സമരം

ചെന്നൈ: ശമ്പളം വെട്ടികുറച്ചച്ചെന്ന അഭ്യൂഹത്തില്‍ ചെന്നൈയില്‍ ബസ് സമരം. ബസ് തൊഴിലാളികളുടെ പണിമുടക്കിനെ തുടര്‍ന്ന് നഗരത്തില്‍ സര്‍വീസ് നടത്തിയിരുന്ന 3,200 ബസുകളാണ് നിരത്തിലിറങ്ങാത്തത്‌.

ജൂണ്‍ മാസത്തിലെ ശമ്പളം പകുതി മാത്രമെ ലഭിച്ചിട്ടുള്ളൂവെന്ന് ആരോപിച്ചാണ് സമരം. ചിലര്‍ക്ക് തീരെ ലഭിച്ചില്ലെന്നും മറ്റുചിലര്‍ക്ക് 40 ശതമാനം മാത്രമെ ലഭിച്ചിട്ടുള്ളുവെന്നും ആരോപിക്കുന്നു.

എന്നാല്‍ ആരുടേയും ശമ്പളം വെട്ടിക്കുറച്ചിട്ടില്ലെന്നും മൂന്നില്‍ രണ്ട് തൊഴിലാളികളുടേയും ശമ്പളം കൊടുത്ത് കഴിഞ്ഞെന്നും ബാക്കിയുള്ളത് ഇന്നുതന്നെ വിതരണം ചെയ്യുമെന്നും തമിഴ്നാട് സര്‍ക്കാര്‍ വ്യക്തമാക്കുന്നു. വാരാന്ത്യമായതിനാല്‍ ബാങ്കുകള്‍ തുറക്കാതിരുന്നതാണ് ശമ്പള വിതരണത്തിന് തടസ്സം സൃഷ്ടിച്ചതെന്നും സര്‍ക്കാര്‍ അറിയിച്ചു.

ഇതിനിടയില്‍ സര്‍ക്കാര്‍ ശമ്പളം വെട്ടിക്കുറച്ചെന്നുള്ള അഭ്യൂഹം പരന്നതാണ് പണിമുടക്കിനിടയാക്കിയതെന്ന് അധികൃതര്‍ പറഞ്ഞു. വാരാന്ത്യമായതിനാല്‍ 60 ശതമാനം പണം മാത്രമാണ് ബാങ്കുകളിലേക്ക് നല്‍കിയത്. ഇന്ന് അത് പൂര്‍ണമായും നല്‍കുമെന്നും ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു.

സ്‌കൂള്‍-കോളേജ് വിദ്യാര്‍ത്ഥികളേയും ഓഫീസുകളില്‍ പോകുന്നവരേയും ബസ് സമരം കാര്യമായി ബാധിച്ചു. ലോക്കല്‍ ട്രെയിനുകളിലും മെട്രോയിലും വലിയ തിരക്കാണ് രാവിലെ മുതല്‍ അനുഭവപ്പെടുന്നത്.

Top