തൃശൂരിലെ ക്രിമിനലുകള്‍ക്ക് പേടി സ്വപ്നമായി വരുന്നു യതീഷ് ചന്ദ്ര ഐ.പി.എസ് . .

തൃശൂര്‍: ജോലി ചെയ്ത സ്ഥലങ്ങളിലെല്ലാം ക്രിമിനലുകളുടെ പേടിസ്വപ്നമാണ് യതീഷ് ചന്ദ്ര ഐ.പി.എസ് . .

വടകര എ.എസ്.പി, എറണാകുളം റൂറല്‍ എസ്.പി, സിറ്റി ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍ . . ഈ യുവ ഐ.പി.എസുകാരന്‍ ഇരുന്ന പോസ്റ്റുകളിലെല്ലാം തകര്‍പ്പന്‍ പ്രകടനമാണ് കാഴ്ച വെച്ചത്.

മണല്‍-ക്വാറി മാഫിയകള്‍, ഗുണ്ടകള്‍ തുടങ്ങി കുറ്റകൃത്യം ചെയ്യുന്ന സകലരും ഈ കാക്കി ധാരിയെ കണ്ടാല്‍ പേടിച്ച് ഓടും.

രാഷ്ട്രീയക്കാരോടും കൊടിയുടെ നിറം നോക്കി പെരുമാറുന്ന ഏര്‍പ്പാടൊന്നും യതീഷ് ചന്ദ്രക്കില്ല.

എറണാകുളം റൂറല്‍ എസ്.പി യായിരിക്കെ സി.പി.എം അങ്കമാലി ഏരിയാ കമ്മിറ്റി ഓഫീസിലടക്കം കയറി പ്രവര്‍ത്തകരെ മാത്രമല്ല, നേതാക്കളെയും അടിച്ച് ഓടിച്ചിട്ടുണ്ട് ഈ യുവ ഐ.പി.എസുകാരന്‍.

yatheesh 1

പെരുമാറ്റത്തിലും വീര്യത്തിലും സുരേഷ് ഗോപി സിനിമകളിലെ പൊലീസ് വേഷത്തെ വെല്ലും ഈ ഒറിജിനല്‍ കാക്കിധാരി.

അങ്കമാലിയിലെ റോഡിലെ വഴിതടയലില്‍ തുടങ്ങിയ സംഘര്‍ഷം പൊലീസിന് നേരെ അതിക്രമമായതോടെയായിരുന്നു എസ് പി നേരിട്ട് കളത്തിലിറങ്ങി പൊലീസ് ആക്ഷന് നേതൃത്ത്വം കൊടുത്തിരുന്നത്.

നിരവധി പേര്‍ക്ക് അന്ന് ലാത്തി ചാര്‍ജില്‍ സാരമായി പരിക്കേറ്റിരുന്നു.

ഇതിനെതിരെ വ്യാപകമായ പ്രതിഷേധം സിപിഎം അന്ന് എസ്.പിക്ക് നേരെ ഉയര്‍ത്തി കൊണ്ടുവന്നിരുന്നുവെങ്കിലും പിന്നീട് എസ്പിയുടെ നടപടി മന:പൂര്‍വ്വമല്ലെന്നും സാഹചര്യം മൂലമായിരുന്നെന്നും മനസ്സിലാക്കി പ്രതിഷേധത്തില്‍ നിന്നും പാര്‍ട്ടി പിന്മാറുകയായിരുന്നു.

ഇടത് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം ആദ്യം ക്രൈംബ്രാഞ്ചിലും അതിനു ശേഷം എറണാകുളം സിറ്റി ഡെപ്യൂട്ടി പൊലീസ് കമ്മീഷണറായും അദ്ദേഹത്തിന് നിയമനവും നല്‍കി.

കൊച്ചിയില്‍ യതീഷ് ചന്ദ്ര പണി തുടങ്ങിയതോടെ പലരുടെയും ഉറക്കം നഷ്ടപ്പെട്ടു.

ഗുണ്ടകള്‍ക്കെതിരായ നപടി ശക്തമാക്കിയതോടെ ജയിലുകള്‍ നിറയുന്ന സാഹചര്യം വരെയുണ്ടായി. അവശേഷിച്ച ഗുണ്ടകള്‍ക്ക് പൊലീസിനെ പേടിച്ച് സിറ്റിയില്‍ നിന്നും മറ്റു സംസ്ഥാനങ്ങളിലേക്ക് പലായനം ചെയ്യേണ്ടി വന്നു.

റേഞ്ച് ഐ.ജി പി.വിജയന്റെ മേല്‍നോട്ടത്തില്‍ ഡി.സി.പി യതീഷ് ചന്ദ്രയും ടീമും നടത്തിയ നല്ലൊരു ഓപ്പറേഷനായിരുന്നു അത്.

ഇതിനു ശേഷം വൈപ്പിനിലെ സമരക്കാര്‍ക്ക് നേരെ നടന്ന പൊലീസ് നടപടിയാണ് യതീഷ് ചന്ദ്രയെ മാധ്യമങ്ങള്‍ വില്ലനാക്കുന്നതില്‍ കലാശിച്ചത്.

ഡി.സി.പി ലീവിലായ സമയത്ത് വൈപ്പിനില്‍ നടന്ന പൊലീസ് ലാത്തി ചാര്‍ജ്ജിന്റെ പഴിയും അദ്ദേഹത്തിന് കേള്‍ക്കേണ്ടി വന്നു.

പ്രധാനമന്ത്രി എത്തുന്ന ദിവസത്തിന് തലേ ദിവസം റോഡ് ഉപരോധിച്ച സമരക്കാരെ യതീഷ് ചന്ദ്രയുടെ നേതൃത്വത്തില്‍ ബലം പ്രയോഗിച്ച് നീക്കം ചെയ്ത ദൃശ്യങ്ങളാണ് മാധ്യമങ്ങള്‍ വൈപ്പിനിലെ ലാത്തി ചാര്‍ജിനൊപ്പം കാണിച്ചിരുന്നത്.

ഇതുമായി ബന്ധപ്പെട്ട് ചില ചാനലുകള്‍ ‘അന്തി ചര്‍ച്ച’ വരെ നടത്തി പ്രതിഷേധത്തെ ആളിക്കത്തിച്ചു.

തുടര്‍ന്ന് വി എസ് അച്ചുതാനന്ദന്‍, സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ തുടങ്ങി ഭരണപക്ഷത്ത് നിന്നുള്ള നേതാക്കള്‍ തന്നെ യതീഷ് ചന്ദ്രയെ സസ്‌പെന്റ് ചെയ്യണമെന്ന ആവശ്യം ഉയര്‍ത്തി രംഗത്ത് വരുന്ന സാഹചര്യവുമുണ്ടായി.

എന്നാല്‍ പിന്നീട് തെളിവ് സഹിതം യഥാര്‍ത്ഥ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങള്‍ വഴി പുറത്തായതോടെ വാര്‍ത്ത നല്‍കിയവരാണ് വെട്ടിലായത്.

yatheesh 2

ഡി.സി.പിക്ക് എതിരെ നടപടി സ്വീകരിക്കില്ലെന്ന ഉറച്ച നിലപാട് സര്‍ക്കാര്‍ സ്വീകരിച്ചതും പ്രതിഷേധക്കാര്‍ക്ക് തിരിച്ചടിയായി.

അതേസമയം വിവാദം കത്തി പടര്‍ന്നപ്പോഴും മനുഷ്യാവകാശ കമ്മിഷന്‍ വിശദീകരണം തേടിയപ്പോഴും പ്രധാനമന്ത്രി വരുന്നതിന് തലേ ദിവസം നടത്തിയ പൊലീസ് നടപടിയുടെ ഉത്തരവാദിത്വം യതീഷ് ചന്ദ്ര സ്വയം ഏറ്റെടുത്തു.

പ്രധാനമന്ത്രിക്ക് ഭീഷണി നിലനില്‍ക്കെ സെക്യൂരിറ്റി പരിശോധന പൂര്‍ത്തിയാക്കിയ റോഡില്‍ സമരക്കാര്‍ കുത്തിയിരിപ്പു നടത്തിയത് നീക്കം ചെയ്യേണ്ടത് അനിവാര്യമായിരുന്നു എന്ന ഉറച്ച മറുപടിയായിരുന്നു യതിഷ് ചന്ദ്രയുടേത്.

കര്‍ണ്ണാടക സ്വദേശിയായ ഇദ്ദേഹം ഐ.ടി മേഖലയിലെ ഉന്നത ജോലി ഒഴിവാക്കിയാണ് ഐപിഎസ് നേടിയത്.

ഇപ്പോള്‍ എറണാകുളത്ത് നിന്നും തൃശൂരിലെത്തുന്ന യതീഷിനെ സംബന്ധിച്ച് തൃശൂര്‍ റൂറല്‍ ഒരു വെല്ലുവിളി അല്ലെങ്കിലും അവിടുത്തെ ക്രിമിനലുകളുടെ ചങ്ക് ഇപ്പോള്‍ തന്നെ അടിച്ച് തുടങ്ങിയിട്ടുണ്ടാകും എന്നത് ഉറപ്പാണ്.

അധികാര പരിധിയില്‍ സിറ്റി പൊലീസ് പരിധിയേക്കാള്‍ വലിയ വിശാലമായ ഏരിയയാണ് തൃശൂര്‍ റൂറലിലേത്. പൊലീസ് സ്റ്റേഷനുകളും ഇവിടെ കൂടുതലാണ്.

റിപ്പോര്‍ട്ട്: എം വിനോദ്‌

Top