ജിഷ കേസില്‍ സ്വീകരിക്കാത്ത നിലപാടുകള്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ നടപ്പാക്കുന്നു . .

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ സാക്ഷി മൊഴികള്‍ പുറത്തു വരുന്നതിനെ എന്തിന് മഞ്ജു വാര്യര്‍ അടക്കമുള്ള സാക്ഷികള്‍ ഭയക്കണം ?

ജിഷ കേസില്‍ അന്വേഷണ സംഘം ബാധകമാക്കാത്ത നടപടി നടി ആക്രമിക്കപ്പെട്ട കേസില്‍ പൊലീസ് നടപ്പാക്കാന്‍ ശ്രമിക്കുന്നത് എന്തുകൊണ്ട് ?

സാക്ഷിമൊഴികള്‍ മാധ്യമങ്ങള്‍ പുറത്ത് വിടുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് പൊലീസ് മജിസ്‌ട്രേറ്റ് കോടതിയെ സമീപിക്കാനൊരിങ്ങിനില്‍ക്കെ നിയമവിദഗ്ദര്‍ ഉന്നയിക്കുന്ന സംശങ്ങളാണിത്.

മാനഭംഗം ഉള്‍പ്പെട്ട കേസായതിനാല്‍ രഹസ്യ വിചാരണ അനിവാര്യമാണെങ്കിലും അതിനു മുന്‍പ് സാക്ഷികളുടെ മൊഴി പുറത്ത് വന്നാല്‍ ആര്‍ക്കാണ് കുഴപ്പമെന്നാണ് ഒരു വിഭാഗം ചോദിക്കുന്നത്.

കുറ്റപത്രത്തിലെ വിവരങ്ങള്‍ പുറത്ത് വരുന്നതില്‍ പരാതിയില്ലാത്ത പൊലീസ് സാക്ഷിമൊഴികള്‍ പുറത്ത് വരുന്നതില്‍ മാത്രം ആശങ്കപ്പെടുന്നത് ശരിയായ നടപടിയല്ലന്നാണ് വാദം.

കുറ്റപത്രമടക്കം ഒരു വിവരവും പുറത്തു വിടാതെ രഹസ്യമാക്കി വയ്ക്കണമെന്ന് കോടതിയോട് പൊലീസ് ആവശ്യപ്പെട്ടിരുന്നുവെങ്കില്‍ അവരുടെ ഉദ്യേശശുദ്ധിയെ സംശയിക്കില്ലായിരുന്നുവെന്നും നിയമവിദഗ്ദര്‍ ചൂണ്ടിക്കാട്ടി.

വിചാരണക്ക് മുന്‍പ് സാക്ഷിമൊഴികളടക്കം പ്രതിസ്ഥാനത്ത് നില്‍ക്കുന്നവര്‍ക്ക് ലഭിക്കുമെന്നിരിക്കെ സോഷ്യല്‍ മീഡിയ സജീവമായ ഈ കാലത്ത് വിവരങ്ങള്‍ പുറത്ത് വിടുന്നത് ഫലപ്രദമായി തടയാന്‍ കഴിയുമോ എന്ന സംശയം മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകരും ചൂണ്ടിക്കാട്ടുന്നു.

ദിലീപ്-മഞ്ജു വാര്യര്‍ വിവാഹമോചനം നടന്നപ്പോഴും കുടുംബകോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയിലെ വിശദാംശങ്ങള്‍ പുറത്ത് വിടരുതെന്ന് മഞ്ജു വാര്യര്‍ ജഡ്ജിയോട് ആവശ്യപ്പെട്ടിരുന്നു.

ദിലീപ് ഉന്നയിച്ച ഗുരുതര ആരോപണങ്ങള്‍ പുറത്തു വരുന്നത് ഒഴിവാക്കാനായിരുന്നു ഇത്.

തുടര്‍ന്ന് അന്നത്തെ കുടുംബകോടതി ജഡ്ജിയും ഇപ്പോള്‍ മനുഷ്യാവകാശ കമ്മിഷന്‍ ആക്ടിംങ്ങ് ചെയര്‍മാനുമായ മോഹനദാസ് അനുകൂല നിലപാട് സ്വീകരിച്ചതിനാല്‍ ഇരുവരും പിരിയാനുണ്ടായ കാരണം ഇപ്പോഴും പുറത്ത് വന്നിട്ടില്ല.

മഞ്ജുവുമായി പിരിയാനുണ്ടായ കാരണമെന്താണെന്ന് വ്യക്തമായി താന്‍ നല്‍കിയ ഹര്‍ജിയില്‍ പറഞ്ഞിട്ടുണ്ടെന്ന് ദിലീപ് നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്.

Top