മാണിയെ ഇടതിലെത്തിക്കാനുള്ള നീക്കത്തിന് ‘വിലങ്ങടിച്ച് ‘ വി എസും എം എ ബേബിയും . .

തിരുവനന്തപുരം: കര്‍ഷക കൂട്ടായ്മയിലൂടെ കേരള കോണ്‍ഗ്രസ്സുകളെ കൂട്ടിയോജിപ്പിച്ച് കെ.എം മാണിയെ ഇടതുപാളയത്തിലെത്തിക്കാനുള്ള നീക്കത്തിന് വിലങ്ങടിച്ച് വി.എസ് അച്യുതാനന്ദനും പി.ബി അംഗം എം.എ ബേബിയും.

കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരില്‍ ബാര്‍ കോഴക്കേസില്‍ ഇടതുപക്ഷം പ്രതികൂട്ടിലാക്കിയ മാണിയുമായി ഒരു സഖ്യവും വേണ്ടെന്ന നിലപാടാണ് ഇരു നേതാക്കള്‍ക്കും. ഇടതുമുന്നണിയിലെ പ്രധാന ഘടകകക്ഷിയായ സി.പി.ഐക്കും സമാന നിലപാടാണുള്ളത്.

മുഖ്യമന്ത്രി പിണറായി വിജയന്റെയും സി.പി.എം സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെയും മനസറിഞ്ഞാണ് ഇടതുപക്ഷത്തെ കേരള കോണ്‍ഗ്രസ്സ് നേതാവ് സ്‌ക്കറിയ തോമസിന്റെ നേതൃത്വത്തില്‍ മാണിയെ ഇടതുപാളയത്തിലെത്തിക്കാനുള്ള നീക്കം ആരംഭിച്ചത്.

തിരഞ്ഞെടുപ്പിനു ശേഷം യു.ഡി.എഫ് വിട്ട് നിയമസഭയില്‍ സ്വതന്ത്ര നിലപാട് സ്വീകരിക്കുന്ന മാണി ഈ നീക്കത്തോട് താല്‍പര്യം കാണിച്ചിട്ടുണ്ട്. മാണിയുടെ മകന്‍ ജോസ് കെ. മാണി പിണറായി സര്‍ക്കാരിന്റെ നല്ലകാര്യങ്ങള്‍ ജനങ്ങളിലെത്തുന്നില്ലെന്നു പറഞ്ഞ് ഇടത് ആഭിമുഖ്യവും പ്രകടിപ്പിച്ചു കഴിഞ്ഞു.

കര്‍ഷക കൂട്ടായ്മ എന്ന നിലയില്‍ സമാനചിന്താഗതിക്കാരായ കേരളാ കോണ്‍ഗ്രസ്സുകളെ യോജിപ്പിച്ച് സഖ്യമുണ്ടാക്കി മാണിയെ ഇടതു പാളയത്തിലെത്തിക്കാനാണ് ശ്രമം.

ജേക്കബ് വിഭാഗത്തിലെ ജോണി നെല്ലൂരും പുതിയ സഖ്യത്തോടൊപ്പമുണ്ടാകുമെങ്കിലും പി.സി. ജോര്‍ജ്, ഫ്രാന്‍സിസ് ജോര്‍ജ്, പി.സി. തോമസ് എന്നിവരെ ചര്‍ച്ചകളില്‍ ഉള്‍പ്പെടുത്തിയിട്ടില്ല എന്നതും ശ്രദ്ധേയമാണ്. മാണിയുമായി സഹകരിക്കാന്‍ കഴിയുന്ന കേരളാ കോണ്‍ഗ്രസ്സുകാരെ ഒരുമിപ്പിക്കുക എന്നതാണ് സഖ്യത്തിന്റെ ലക്ഷ്യമെന്ന് ഇതോടെ വ്യക്തമാവുകയാണ്.

സിപിഎം അറിവോടെയുള്ള സഖ്യചര്‍ച്ചകളില്‍ സിപിഐയ്ക്ക് കടുത്ത എതിര്‍പ്പാണുള്ളത്. സഖ്യരൂപീകരണം സംബന്ധിച്ച പ്രാഥമിക ചര്‍ച്ചകള്‍ നടന്നു കഴിഞ്ഞതായും പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന് മുന്‍പു തന്നെ പ്രഖ്യാപനം ഉണ്ടാകുമെന്നുമാണ് സൂചന. അതേസമയം ജേക്കബ് വിഭാഗത്തിലെ പലര്‍ക്കും സഖ്യത്തോട് വിയോജിപ്പ് ഉണ്ടെന്നാണ് സൂചന.

കത്തോലിക്കാ സഭാ നേതൃത്വത്തിന്റെ നിലപാടും നിര്‍ണ്ണായകമാണ്. സഭാ നേതൃത്വം ഇക്കാര്യത്തില്‍ മനസു തുറന്നിട്ടില്ല. മുമ്പ് കത്തോലിക്കാ സഭ ഇടപെട്ടതോടെയാണ് ഇടതുപക്ഷത്തെ മന്ത്രിയായിരുന്ന പി.ജെ ജോസഫ് മന്ത്രിസ്ഥാനം രാജിവെച്ച് മാണിക്കൊപ്പം ചേര്‍ന്ന് യു.ഡി.എഫ് പാളയത്തിലെത്തിയത്.

Top