ജോലിയില്‍ നിന്ന് വിരമിച്ചവര്‍ക്ക് പ്രത്യേക വിസ അനുവദിക്കുമെന്ന് യു എ ഇ

ദുബായ്: ജോലിയില്‍ നിന്ന് വിരമിച്ച ശേഷവും പ്രവാസികളെ രാജ്യത്ത് തുടരാന്‍ അനുവദിക്കുന്ന നിയമത്തിന് യുഎഇ ഭരണകൂടത്തിന്റെ അനുമതി. അഞ്ചു വര്‍ഷത്തോളം ഈ വിസയിലൂടെ യുഎ ഇയില്‍ തുടരാന്‍ പ്രവാസികള്‍ക്ക് സാധിക്കും. സാമ്പത്തിക വളര്‍ച്ച പ്രോത്സാഹിപ്പിക്കുന്നതിനുള്ള സുപ്രധാന നയ പരിഷ്‌കരണം എന്ന നിലയ്ക്കാണ് യു എ ഇ ഭരണകൂടത്തിന്റെ ഈ നീക്കം.

55 വയസിന് ശേഷം വിരമിക്കുന്ന പ്രവാസികള്‍ക്ക് നല്‍കുന്ന പെര്‍മനന്റ്‌ വിസ പുതുക്കുന്നതിന് മൂന്ന് നിബന്ധനകള്‍ യു എ ഇ ഭരണകൂടം മുന്നോട്ട് വെച്ചിട്ടുണ്ട്. ഏതെങ്കിലും ഒരു പ്രോപ്പര്‍ട്ടിയില്‍ രണ്ട് മില്യണ്‍ ദിര്‍ഹത്തില്‍ കുറയാത്ത മൂല്യം വരുന്ന നിക്ഷേപം, ഒരു മില്യണ്‍ ദിര്‍ഹത്തില്‍ കുറയാത്ത സമ്പാദ്യം, പ്രതിമാസം 20,000 ദിര്‍ഹത്തില്‍ കുറയാത്ത സ്ഥിര വരുമാനം എന്നിവയില്‍ ഏതെങ്കിലും യോഗ്യത ഉള്ളവര്‍ക്ക് വിസ പുതുക്കി നല്‍കും.

സാധാരണ ഗതിയില്‍ പ്രവാസി തൊഴിലാളികളെ തൊഴില്‍ പെര്‍മിറ്റിന്റെ കാലാവധി കഴിഞ്ഞാല്‍ രാജ്യത്ത് തങ്ങാന്‍ യു എ ഇ ഭരണകൂടം അനുവദിക്കാറില്ല. മികച്ചൊരു തീരുമാനമായാണ് ഈ മാറ്റത്തെ സാമ്പത്തിക വിദഗ്ധര്‍ വിലയിരുത്തുന്നത്.

Top