സി പി ഐ മന്ത്രിമാരുടെ വകുപ്പുകളിൽ . . വിജിലൻസ് – ഇന്റലിജൻസ് നിരീക്ഷണം . . !

തിരുവനന്തപുരം: സിപിഐ-സിപിഎം ഭിന്നത രൂക്ഷമായിരിക്കെ സി.പി.ഐ മന്ത്രിമാര്‍ കയ്യാളുന്ന വകുപ്പുകളില്‍ നിരീക്ഷണം ഏര്‍പ്പെടുത്തിയതായി സൂചന !

രഹസ്യാന്വേഷണ – വിജിലന്‍സ് വിഭാഗങ്ങള്‍ പ്രധാനമായും സിവില്‍ സപ്ലൈസ് റവന്യൂ വകുപ്പുകളില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് തുടങ്ങിയതായാണ് പുറത്തു വരുന്ന വിവരം.

ഇടനിലക്കാര്‍ വഴി നടക്കുന്ന ഇടപെടലുകളില്‍ മാത്രമല്ല, ഈ വകുപ്പുകളില്‍ ഏത് തരത്തിലുള്ള ക്രമക്കേട് കണ്ടെത്തിയാലും കര്‍ശന നടപടി സ്വീകരിക്കാനാണ് നിര്‍ദ്ദേശമത്രെ.

ഇടത് സര്‍ക്കാര്‍ അധികാരമേറ്റ ഉടനെ സര്‍ക്കാറില്‍ ബാഹ്യ ഇടപെടലുകള്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ റെഡ് സിഗ്‌നല്‍ ഉയര്‍ത്തിയിരുന്നു.

ഇക്കാര്യത്തില്‍ ജാഗ്രത പാലിക്കണമെന്ന കര്‍ശന നിര്‍ദ്ദേശമാണ് മന്ത്രിമാര്‍ക്ക് മുഖ്യമന്ത്രി നല്‍കിയിരുന്നത്.

മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫുമായി ബന്ധപ്പെട്ട വിവാദം ഉയര്‍ന്നപ്പോള്‍ എല്ലാ മന്ത്രിമാരുടെയും പേഴ്‌സണല്‍ സ്റ്റാഫുകളുടെ യോഗം നേരിട്ട് വിളിച്ചാണ് മുഖ്യമന്ത്രി മുന്നറിയിപ്പു നല്‍കിയിരുന്നത്.

മന്ത്രിസഭയിലെ രണ്ടാമത്തെ പ്രധാന ഘടക കക്ഷിയായ സിപിഐക്ക് തങ്ങളുടെ മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫിനെ വിളിച്ചു വരുത്തിയതില്‍ അന്നു തന്നെ അതൃപ്തിയുണ്ടായിരുന്നു.

റവന്യൂ, കൃഷി, വനം, സിവില്‍ സപ്ലൈസ് വകുപ്പുകളാണ് സിപിഐക്കാരായ മന്ത്രിമാര്‍ കൈകാര്യം ചെയ്യുന്ന വകുപ്പുകള്‍.

ഇതില്‍ മന്ത്രിസഭയിലെ തന്നെ മികച്ച പ്രതിച്ഛായയുള്ള വി.എസ് സുനില്‍കുമാര്‍ കൈകാര്യം ചെയ്യുന്ന കൃഷിവകുപ്പാണ് ഏറ്റവും നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്നതെന്നാണ് സിപിഎം നേതൃത്വം പോലും വിലയിരുത്തുന്നത്.

വനം വകുപ്പുമായി ബന്ധപ്പെട്ട് വലിയ പരാതിയൊന്നും ഉയര്‍ന്നിട്ടില്ലങ്കിലും സിവില്‍ സപ്ലൈസ്, റവന്യൂ വകുപ്പുകളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അങ്ങനെയല്ല.

ഈ വകുപ്പുകളില്‍ അണിയറയില്‍ ‘പലതും’ നടക്കുന്നുണ്ടെന്നാണ് ആരോപണം. ഈ പശ്ചാത്തലത്തിലാണ് രഹസ്യാന്വേഷണ വിഭാഗത്തിന്റെയും വിജിലന്‍സിന്റെയും കണ്ണുകള്‍ ഈ വകുപ്പുകളിലേക്ക് തിരിഞ്ഞിരിക്കുന്നത്.

മന്ത്രിസഭ അധികാരമേറ്റ് അധികം കഴിയും മുന്‍പ് തന്നെ മുഖ്യമന്ത്രിയുടെ നിലപാടുകളെ വിമര്‍ശിച്ച് തുടങ്ങിയ സി.പി.ഐ ഉന്നത നേതാവും മകനും സര്‍ക്കാറില്‍ നടത്തുന്ന ഇടപെടലുകള്‍ പുറത്ത് കൊണ്ടു വന്നാല്‍ ഈ നേതാവിന്റെ മുഖമൂടി അഴിഞ്ഞു വീഴുമെന്ന അഭിപ്രായം സി.പി.എമ്മിനകത്തും ശക്തമാണ്.

പൊതു സമൂഹത്തില്‍ സിപിഐയും അതിന്റെ ഉന്നത നേതാവും ‘ക്ലീന്‍’ ആണെന്നും മറ്റുള്ളവര്‍ മോശമാണെന്നും ചിത്രീകരിക്കാന്‍ ശ്രമം നടക്കുന്ന പശ്ചാത്തലത്തിലാണ് അണിയറയിലെ തട്ടിപ്പ് പുറത്ത് കൊണ്ടുവരാനുള്ള തന്ത്രപരമായ നീക്കത്തിന് ചൂട് പിടിച്ചിരിക്കുന്നത്.

ലോ അക്കാദമി സമരം മുതല്‍ മൂന്നാര്‍ വിഷയം വരെ സിപിഎമ്മിനെയും മുഖ്യമന്ത്രിയെയും പ്രതിരോധത്തിലാക്കുന്ന നടപടിയാണ് സിപിഐ നേത്യത്വം സ്വീകരിച്ചിരുന്നത്.

മുഖ്യമന്ത്രി വിളിച്ച യോഗത്തില്‍ പോലും റവന്യൂ മന്ത്രി പങ്കെടുക്കാത്ത അസാധാരണ സാഹചര്യവുമുണ്ടായി.

വൈപ്പിനിലടക്കം പൊലീസിനെ പ്രതിക്കൂട്ടിലാക്കി സിപിഐ നേതൃത്വം രംഗത്ത് വന്നത് പ്രതിപക്ഷത്തിന് സര്‍ക്കാറിനെ അടിക്കാനുള്ള വടി കൊടുക്കുന്നതിന് തുല്യവുമായി.

ഇങ്ങനെ സര്‍ക്കാറിനകത്ത് തന്നെ പ്രതിപക്ഷമായി സിപിഐയെ തുടരാന്‍ അനുവദിക്കേണ്ടതില്ലന്ന അഭിപ്രായം സിപിഎം ഉന്നത നേതാക്കള്‍ക്കിടയില്‍ പോലും ശക്തമായിരിക്കെയാണ് ഇപ്പോഴത്തെ ‘നിരീക്ഷണ’ നീക്കമെന്നതും ശ്രദ്ധേയമാണ്.

Top